ന്യൂഡല്‍ഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്. പ്രതികൂല കാലാവസ്ഥയല്ലെങ്കില്‍ കേരളത്തിലും ഈ അപൂര്‍വ്വ പ്രതിഭാസം ഇന്നു രാത്രി ദൃശ്യമാകും. മഴ പെയ്താല്‍ ചന്ദ്രഗ്രഹണ ദൃശ്യത്തില്‍ മാറ്റം വരും. കാര്മേഘങ്ങളുണ്ടായാല് ദൃശ്യത്തിന് തടസ്സമായി ഭവിക്കും.
ഒരു മണിക്കൂറിലേറെയുള്ള ഭാഗിക ചന്ദ്രഗ്രഹണം കൂടാതെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ഒരു മണിക്കൂര്‍ 43 മിനിറ്റ് നീണ്ടുനില്‍ക്കും. രാത്രി 10.42 ഓടെയായിരിക്കും ഇന്ത്യയില്‍ ചന്ദ്രഗ്രഹണം കാണാനാവുക. ജൂലൈ 27ന് രാത്രി 11.54നാണ് ഭാഗിക ചന്ദ്രഗ്രഹണം തുടങ്ങുന്നത്.
പൂര്‍ണ ചന്ദ്രഗ്രഹണം ജൂലൈ 28 ന് ഒരുമണിക്കും ആരംഭിക്കും. ഏറ്റവുമധികം ഇരുണ്ട നിറത്തില്‍ ചന്ദ്രന് കാണപ്പെടുക 1.52നായിരിക്കും. ഇത് 2.43 വരെ തുടരും. തുടര്‍ന്ന് 3.49 വരെ ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും.
സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ മേല്‍ പതിയുന്നതാണ് ഗ്രഹണം. കുട്ടികള്‍ക്കൊപ്പം ചന്ദ്രഗ്രഹണം കാണേണ്ടതിങ്ങനെയാണ്
സമ്പൂര്‍ണ ഗ്രഹണ സമയത്ത് ചന്ദ്രന്റെ നിറം തിളങ്ങുന്ന ഓറഞ്ചില്‍നിന്ന് രക്തച്ചുവപ്പിലേക്കും അപൂര്‍വമായി ഇരുണ്ട തവിട്ടുനിറത്തിലേക്കും പിന്നീട് ഇരുണ്ട ചാരനിറത്തിലേക്കും മാറും.
ഇതുകൊണ്ടാണ് സമ്പൂര്‍ണ ഗ്രഹണം സംഭവിച്ച ചന്ദ്രനെ ബ്ലഡ് മൂണ്‍ എന്ന് വിളിക്കുന്നത്. ഹാനികരമായ യാതൊരുവിധ രശ്മികളും ചന്ദ്രനില്‍നിന്ന് ഗ്രഹണസമയത്ത് പ്രവഹിക്കില്ല. അതുകൊണ്ട് തന്നെ ഗ്രഹണം നേരിട്ട് കാണാം. നല്ല ബൈനോക്കുലര്‍ ഉണ്ടെങ്കില്‍ മികച്ച രീതിയില്‍ ഗ്രഹണം കാണാം.
8 ഇഞ്ചോ അതില്‍ അധികമോ ഉള്ള ബൈനോക്കുലറുകള്‍ പരിഗണിക്കാം. നൂറ്റാണ്ടിലെ 17-ാമത്തെ പൂര്‍ണ ഗ്രഹണമാണ് ഇന്നത്തേത്. 2018 ലെ രണ്ടാമത്തേതും. ജനുവരിയിലായിരുന്നു ആദ്യഗ്രഹണം. അടുത്ത സമ്പൂര്‍ണ ചന്ദ്രഗ്രഹണം 2019 ജനുവരി 19നായിരിക്കും.