ആലപ്പുഴ: കാഴ്ചക്കുറവുള്ള ലോട്ടറി വില്പനക്കാരനെ കടലാസ് നോട്ടുനല്കി കബളിപ്പിച്ചതായി പരാതി. ആലപ്പുഴ അരൂരില്‍ പെട്രോള്‍ പമ്പിന് സമീപത്തുവച്ച് ഇന്നലെയാണ് സംഭവം. കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന കടലാസ് നോട്ടുനല്കിയായിരുന്നു വേലായുധനോട് കൊടും ക്രൂരത ചെയ്തത്. സംഭവത്തില്‍ തട്ടിപ്പ് നടത്തിയയാളെ തേടി പോലീസ് അന്വേഷണം ആരംഭിച്ചു.
ബൈക്കിലെത്തിയ ഒരാള്‍ കാഴ്ചക്കുറവുള്ള വേലായുധന്റെ കൈയില്‍ നിന്ന് 24 ടിക്കറ്റ് എടുത്തു. ശേഷം ടിക്കറ്റ് വിലയായി 2000 രൂപ പോക്കറ്റില്‍ ഇട്ടുകൊടുത്തു. ബാക്കി തുകയും ബൈക്കിലെത്തിയ ആള് തന്നെ എണ്ണിയെടുത്തു. കടംവാങ്ങിയ ലോട്ടറിപ്പണം തിരിച്ചേല്‍പ്പിക്കാന്‍ മൊത്തവിതരണ കടയില്‍ എത്തിയപ്പോഴാണ് ലോട്ടറി വാങ്ങിയാള്‍ പോക്കറ്റില്‍ ഇട്ടത് കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന കടലാസ് നോട്ടായിരുന്നെന്ന് വേലായുധന് അറിയുന്നത്.
കൂടാതെ പോക്കറ്റില്‍ നിന്ന് അയാള്‍ 1800 രൂപ കവര്‍ന്നതായും വേലായുധന് പരാതിയില്‍ പറയുന്നു. അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായ വാഹനാപകടത്തില്‍ വേലായുധന്റെ വലതുകൈയുടെ സ്വാധീനം നഷ്ടപ്പെടുകയും കാഴ്ചക്കുറവ് അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജീവിതം വഴിമുട്ടിയപ്പോഴാണ് അറുപത്തിയെട്ടുകാരനായ വേലായുധന് ലോട്ടറി വില്പന തൊഴിലാക്കിയത്.