മണ്ണഞ്ചേരി: അമ്മ പകുത്ത് നല്കിയ കരളുമായി അപ്പുവിന് അധികം കാലം മുന്പോട്ട് നീങ്ങാനായില്ല. ആറു വര്‍ഷം മരുന്നും മറ്റുമായി തള്ളി നീക്കി. പക്ഷേ പ്രതീക്ഷിക്കാതെ പിടിപ്പെട്ട ന്യൂമോണിയ അപ്പുവിന്റെ ജീവനും കൊണ്ട് പോവുകയായിരുന്നു. മണ്ണഞ്ചേരി കലവൂര്‍ കണ്ടത്തില്‍ പറമ്പില്‍ രാജേഷ് – ജിജിമോള്‍ ദമ്പതികളുടെ മകന് അശ്വിനാണ്(11) മരണത്തിന് കീഴടങ്ങിയത്.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍ വച്ച് നടക്കും. ആറ് വര്‍ഷം മുമ്പാണ് അപ്പു കരള്‍ മാറ്റ ശസ്തക്രിയക്ക് വിധേയനായത്. അമ്മയാണ് മകന്റെ ജീവന്റെ രക്ഷയ്ക്കായി കരള്‍ പകുത്തു നല്‍കിയത്. നാട്ടുകാര്‍ നല്കിയ സഹായം കൊണ്ടാണ് അന്ന് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്തക്രിയ വിജയകരമായി പൂര്‍ത്തിയായി. അന്നു മുതല്‍ തുടരെയുള്ള ആശുപത്രി ജിവിതവും മരുന്നും കൊണ്ട് അപ്പുവിന്റെ ജീവന് നിലനിര്‍ത്തുകയായിരുന്നു. കലവൂര്‍ ജിഎച്ച്എസ്എല്‍പി സ്ക്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അശ്വിന്.
രണ്ട് മാസം മുമ്പ് അപ്പുവിന് ന്യൂമോണിയ പിടിപ്പെട്ടത്. ഇതേ തുടര്‍ന്ന് അമൃത ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു. നാട്ടുകാരുടെ സഹായത്താല്‍ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അവിടുത്തെ ചികിത്സാച്ചെലവ് താങ്ങാനാവാതെ കോട്ടയം ഐസിഎച്ചില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെ അപ്പു ലോകത്തോട് വിടപറയുകയായിരുന്നു.