തിരുവനന്തപുരം: കോണ്‍ഗ്രസിലെ യുവനേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സോഷ്യല്‍ മീഡിയയില്‍ വിപ്ലവം നടത്തുന്ന യുവനേതൃത്വത്തെ ആവശ്യമില്ലെന്നായിരുന്നു നേതാവിന്റെ പരാമര്‍ശം.
മിക്ക വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും എംഎല്‍എ ക്വാര്‍ട്ടേഴ്സിലെ മുറികളില്‍ ഒതുങ്ങുകയാണെന്നും ഇങ്ങനെയൊരു യുവനിരയല്ല സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിഎം ജേക്കബ് സ്മാരക ട്രസ്റ്റിന്റെ മികച്ച നിയമസഭാ സമാജികനുള്ള പുരസ്കാരം പിടി തോമസിന് നല്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിഎം ജേക്കബായിരുന്നു ജലവിഭവമന്ത്രിയെങ്കില് സംസ്ഥാനം മഹാപ്രളയത്തില്‍ മുങ്ങുമായിരുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. നേരത്തെ വിടി ബല്‍റാം എംഎല്‍എയെ വേദിയിലിരുത്തി മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു. പ്രകടനം വാട്സ്ആപ്പില്‍ മാത്രം പോരെന്നും നിയമസഭയില്‍ മുഖ്യമന്ത്രിയെക്കൊണ്ട് കണക്ക് പറയിക്കുന്നതിലും വേണമെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.