തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും നഷ്ടപ്പെട്ടവര്‍ക്ക് കുടുംബശ്രീയുടെ കൈത്താങ്ങ്. കുടുംബശ്രീ മുഖേന കുറഞ്ഞ വിലയില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന ഡിസ്ക്കൗണ്ട് പര്‍ച്ചേസ് പദ്ധതി പത്തിന് തുടങ്ങും. റിസര്‍ജന്റ് കേരള ലോണ്‍ സ്കീം വഴി വായ്പ ലഭ്യമായ കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ആനുകൂല്യം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ ചാലക്കുടിയിലാണ്.
ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ്, ടിവി, മിക്സി, വാഷിങ് മെഷീന്, കുക്കര്‍, ഫാന്‍, കട്ടില്, അലമാര, കസേര, മേശ, ബെഡ്, മോട്ടോര്‍, വാട്ടര്‍ ടാങ്ക്, ഗ്രൈന്‍ഡര്‍, തേപ്പുപെട്ടി, തയ്യല്‍ മെഷീന്, എമര്‍ജന്‍സി ലൈറ്റ് എന്നിവയടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. മാര്‍ക്കറ്റ് വിലയില്‍നിന്ന് 50 ശതമാനംവരെ വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍ നല്കാന് താല്‍പ്പര്യമുള്ള ബ്രാന്‍ഡഡ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി പൂര്‍ത്തിയായി. 22 പ്രമുഖ ഗൃഹോപകരണ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയുമായി സഹകരിക്കും.
വായ്പ ലഭ്യമായവര്‍ തന്നെയാണ് ഗൃഹോപകരണങ്ങള്‍ വാങ്ങാനെത്തുന്നതെന്ന് കുടുംബശ്രീ കൃത്യമായി ഉറപ്പാക്കും. ഇതിന്റെ ഭാഗമായി വായ്പ ലഭിച്ച് ഗൃഹോപകരണങ്ങള്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹോളോഗ്രാം പതിച്ച പ്രത്യേക ഡിസ്ക്കൗണ്ട് പര്‍ച്ചേസ് കാര്‍ഡ് നല്‍കും. ഇതില്‍ അംഗത്തിന്റെ ഫോട്ടോ, പേര്, അയല്‍ക്കൂട്ടത്തെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, അനുവദിച്ച വായ്പാ തുക എന്നിവയുമുണ്ടാകും.
ഡിസ്ക്കൗണ്ട്, ഡീലര്‍മാരുടെയും അംഗീകൃത സ്ഥാപനങ്ങളുടെയും ജില്ല തിരിച്ചുളള വിവരങ്ങള്‍ എന്നിവയടങ്ങിയ വിശദമായ ബ്രോഷറും നല്‍കുന്നുണ്ട്. പ്രളയക്കെടുതിയെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരുലക്ഷം രൂപ വായ്പ നല്‍കാനായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുവരെ 19546 അംഗങ്ങള്‍ക്കായി 155. 17 കോടി രൂപ വിവിധ ബാങ്കുകള്‍ വായ്പ അനുവദിച്ചു.