തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തര ചികിത്സാ സൗകര്യമൊരുങ്ങുന്നു. രോഗികള്‍ക്കായി സമഗ്ര സ്ട്രോക്ക് സെന്ററുകള്‍ ആരംഭിക്കാന്‍ തീരുമാനമായി.
ആദ്യഘട്ടമായി തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സെന്റര്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ 10 കോടി അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്ട്രോക്ക് യൂണിറ്റ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇത് വിപുലീകരിച്ച് സമഗ്ര സ്ട്രോക്ക് സെന്ററാക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള സ്ട്രോക്ക് യൂണിറ്റും സമഗ്ര സെന്ററാക്കി വിപുലീകരിക്കും. സ്ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെ പക്ഷാഘാത ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഒരുക്കുന്നത്. അടുത്ത പടിയായി എല്ലാ മെഡിക്കല്‍ കോളേജുകളിലും സമഗ്ര സ്ട്രോക്ക് സെന്ററുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിടി സ്കാന്‍, മെഡിക്കല്‍ ന്യൂറോ, ന്യൂറോ സര്‍ജറി, ന്യൂറോ ഐസിയു എന്നീ സൗകര്യങ്ങള്‍ സ്ട്രോക്ക് സെന്ററുകളില്‍ ലഭ്യമാകും. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘവുമുണ്ടാകും. മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.
സമയനഷ്ടമില്ലാതെ ചികിത്സ ഉറപ്പാക്കാന്‍ സഹായകമാകുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരും ഉടന്‍ സജ്ജമാകും. ഇതുവഴി രോഗിക്ക് ആവശ്യമായ പ്രാഥമികശുശ്രൂഷ നിര്‍ദേശിക്കാനും ആശുപത്രിയില്‍ എത്തിക്കുംമുമ്പുതന്നെ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനും സാധിക്കും.