തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അഭിപ്രായവുമായി പ്രശസ്ത കവയത്രി സുഗതകുമാരി. അയ്യപ്പനെ കാണണമെന്ന് നിര്‍ബന്ധമുള്ള ഭക്തരായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്കാന് നാം തയ്യാറാകണമെന്ന് സുഗതകുമാരി പറഞ്ഞു. സ്ത്രീകളെ കണ്ടാല്‍ ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നും അയ്യപ്പന് ആത്മ നിയന്ത്രണം ഇല്ലാതാകും എന്നുമൊക്കെ പറയുന്നത് എത്ര വിഡ്ഢിത്തമായ കാര്യമാണെന്നും സുഗതകുമാരി പറഞ്ഞു.
ശാന്തി സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ അവര്‍. ശബരിമലയില്‍ പോകുന്ന ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടത്. ശബരിമല ഒരു ചെറിയ വനഭൂമിയാണ്. നിയന്ത്രണം എല്ലാവര്ക്കും വേണം. അവിടെ യഥാര്‍ഥ ഭക്തര്‍ക്ക് മാത്രമായി പോകാന്‍ കഴിയണം സുഗതകുമാരി പറഞ്ഞു.
ശബരിമല ഇപ്പോള്‍ത്തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ ആളുകളെയാണ് വഹിക്കുന്നത്. ആണുങ്ങളുടെ ഈ അനിയന്ത്രിത പ്രവേശനത്തിനും നിയന്ത്രണം വച്ചാലേ ശബരിമലയെ ഇന്നുള്ള നിലയ്ക്കെങ്കിലും സംരക്ഷിക്കാനാകൂ. ഓരോ സീസണ് കഴിയുന്തോറും പമ്പ കൂടുതല്‍ കൂടുതല്‍ മലിനമാകുകയാണ്. ഇതിന്റെ തിരിച്ചടി പ്രളയകാലത്ത് ഉണ്ടായി. ശബരിമലയെ ഒരു യുദ്ധക്കളമാക്കി മാറ്റരുതെന്നും അവര്‍ പറഞ്ഞു.