തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ വ്യാജപ്രചരണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്‍ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. ഇതിനെതിരെ തെളിവുകള്‍ നിരത്തി പോലീസ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയ്ക്കെതിരെ മന്ത്രി കടകംപള്ളിയും രംഗത്തെത്തിയത്.
ഇങ്ങനെയും ബലിദാനികളെ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ബിജെപി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. അവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇങ്ങനെയെല്ല ബലിദാനികളെ സൃഷ്ടിക്കേണ്ടത്. പോലീസിന്റെ ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് വിഷയത്തില്‍ സംയമനം പാലിക്കാന്‍ സാധിച്ചത്. ബിജെപി അനാവശ്യ ഹര്‍ത്താല്‍ നടത്തുകയാണ്. അവര്‍ ബലിദാനികളെ സൃഷ്ടിക്കുന്നത് ഇങ്ങനെയാണ്. മന്ത്രി പറയുന്നു. വിഷയത്തില്‍ പോലീസ് നല്ല ജാഗ്രത പുലര്‍ത്തണമെന്നും കടകംപള്ളി നിര്‍ദേശിച്ചു.
പത്തനംതിട്ടയില്‍ കാണാതായ ശിവദാസന്‍ എന്ന വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസം രാത്രിയാണ്. ശബരിമലയിലെ നിലയ്ക്കലില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ച് ബിജെപി മണിക്കൂറുകള്‍ക്കകം പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ നിലയ്ക്കലില്‍ നിന്നല്ല ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയതെന്ന് ഇതിനോടകം പോലീസും മറ്റു സാഹചര്യ തെളിവുകളും വ്യക്തമാക്കുന്നുണ്ട്.