മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്പ സര്‍വ്വീസിന് ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തി. പ്രളയത്തെത്തുടര്‍ന്നുണ്ടായ സുരക്ഷാകാരണങ്ങളാല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് മാത്രമേ അനുവദിക്കുന്നുള്ളൂ എന്ന സാഹചര്യത്തില്‍ ഭക്തരുടെ സൗകര്യാര്‍ത്ഥമാണ് നടപടിയെന്ന് എംഡി ടോമിന് തച്ചങ്കരി പറഞ്ഞു.
www.keralartc.com എന്ന വെബ്സൈറ്റില്‍ www.sabarimala.keralartc.com എന്ന ലിങ്കിലാണ് ബുക്കിങ് സൗകര്യമുള്ളത്. നാലുമണിക്കൂര്‍ ടൈം സ്ലോട്ടിലൂടെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ സൈറ്റില്‍ നിന്ന് ടിക്കറ്റെടുത്തു കഴിഞ്ഞാല്‍ പോലീസിന്റെ വിര്‍ച്വല്‍ ക്യൂ ടിക്കറ്റുമെടുക്കാനാവും.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് നോണ്‍ എസി ബസുകള്‍ ഒരുമിനിറ്റ് ഇടവിട്ടും എസി ബസുകള്‍ രണ്ടുമിനിറ്റ് ഇടവിട്ടും സര്‍വ്വീസ് നടത്തും. നോണ്‍ എസി, എസി ബസുകള്‍ക്ക് യഥാക്രമം 40ഉം 75ഉം നിരക്കിലാണ് ടിക്കറ്റ്. 48 മണിക്കൂര്‍ കാലാവധിയുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റുകള്‍ യഥാക്രമം 80, 150 രൂപ നിരക്കുകളിലും ലഭിക്കും. പമ്പയില്‍ 15 സെല്‍ഫ് സര്‍വ്വീസ് ടിക്കറ്റ് കിയോസ്കുകളും ഒരുക്കിയിട്ടുണ്ട്.