തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഏക വനിതാ ഡ്രൈവര്‍ ഷീല ഇനി തലസ്ഥാന നഗരിയിലൂടെ ബസോടിക്കും. പെരുമ്പാവൂര്‍ സ്വദേശിനിയാണ് വി പി ഷീല. സിറ്റി ഡിപ്പോയിലേക്ക് സ്ഥലം മാറ്റം കിട്ടിയ ഇവര്‍ കോവളം-കിഴക്കേക്കോട്ട ബസിന്റെ ഡ്രൈവറായി ചുമതലയേറ്റു.
വര്‍ക്കിങ് അറേഞ്ച്മെന്റിലാണ് ഇവര്‍ സിറ്റി ഡിപ്പോയിലെത്തിയത്. ഇവരുടെ ബസില്‍ വനിതാകണ്ടക്ടര്‍ റീത്തയാണ് ആദ്യദിവസം ഡ്യൂട്ടിക്ക് പോയത്. തിരക്കേറിയ തലസ്ഥാനനഗരിയിലെ റോഡുകളില്‍ സിറ്റി ബസ് ഓടിക്കുക ബുദ്ധിമുട്ടാണെങ്കിലും ഷീല ആദ്യദിനം തിരക്കുള്ള ബസ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. കെഎസ്ആര്‍ടിസി 2013 ബാച്ചിലെ ഡ്രൈവറാണ് ഷീല.
പെരുമ്പാവൂര്‍ ആനവണ്ടിയുടെ അമരത്തു വര്‍ഷങ്ങളായി ഷീലയുണ്ട്. കെഎസ്ആര്‍ടിസിയുടെ ഏക സ്ഥിരം വനിത ഡ്രൈവറാണ് ചുണ്ടക്കുഴി കളമ്പാട്ടുകുടി അപ്പുവിന്റെ ഭാര്യയായ ഷീല. അഞ്ചു വര്‍ഷമായി വിവിധ റൂട്ടുകളില്‍ ബസോടിച്ചിട്ടുള്ള ഷീലയുടെ കൈപ്പിഴകൊണ്ട് ഒരു അപകടം പോലുമുണ്ടായിട്ടില്ലെന്നത് ഈ വനിതയുടെ ഡ്രൈവിങ് പ്രാഗല്ഭ്യത്തിനുള്ള തെളിവാണ്. മധ്യകേരളത്തിലെ മിക്ക ഡിപ്പോകളിലും ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ അടക്കം ഓടിച്ച ഷീല 11 വര്‍ഷത്തെ ഹെവി വാഹന ഡ്രൈവിങ് പരിശീലകയെന്ന പരിചയത്തോടെയാണു സര്‍ക്കാര്‍ സര്‍വീസിലെത്തുന്നത്.
2002ല്‍ ഹെവി ലൈസന്‍സെടുത്ത ഷീല ആ വര്‍ഷം മുതല്‍ കോതമംഗലത്തെ വിവിധ ഡ്രൈവിങ് സ്കൂളുകളില്‍ പരിശീലകയായിരുന്നു. 2013ല്‍ 40ാം വയസില്‍ കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ലഭിച്ചു. തൃശ്ശൂര്‍, പറവൂര്‍, പെരുമ്പാവൂര്‍, ചേര്‍ത്തല, കോട്ടയം, ഈരാറ്റുപേട്ട ഡിപ്പോകളില്‍ ജോലി ചെയ്തിട്ടുണ്ട്. രാവിലെ ജോലിക്കു കയറിയാല്‍ ചില ദിവസങ്ങളില്‍ രാത്രി ഒന്‍പതു വരെ ജോലിയുണ്ടാകും.