തിരുവനന്തപുരം: കുടുംബസമേതം ശബരിമലയിലേയ്ക്ക് പോകുവാന്‍ തയ്യാറെന്ന് എബിവിപി നേതാവ് ശ്രീപാര്‍വ്വതി. ആഗ്രഹം പ്രകടിപ്പിച്ചതിനു പിന്നാലെ വധഭീഷണി മുഴക്കി സംഘപരിവാറും രംഗത്തെത്തി. ആര്‍എസ്എസ് മുഖപ്രസിദ്ധീകരണമായ ‘കേസരി’യിലാണ് ശ്രീപാര്‍വതി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. എബിവിപിയുടെ തിരുവനന്തപുരം നഗരപ്രമുഖാണ് ശ്രീപാര്‍വതി.
നിലവിലുള്ള സംഘപരിവാര്‍ നിലപാടിന് വിരുദ്ധമായി അഭിപ്രായം പ്രകടിപ്പിച്ചതിനാണ് ഇപ്പോള്‍ ശ്രീപാര്‍വതി വധഭീഷണി നേരിടുന്നത്. എന്നാല്‍ ശ്രീപാര്‍വതിയുടെ നിലപാടിന് മാറ്റമില്ലെന്നും കുടുംബവുമായി ശബരിമലയില്‍ പോകാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും ശ്രീപാര്‍വതിയുടെ മാതാവ് ബിന്ദു പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനവിധി ആര്‍എസ്എസും സംഘപരിവാറും അംഗീകരിച്ചതായാണ് മകള്‍ തന്നോട് പറഞ്ഞത്. തങ്ങള്‍ അതില്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് അവര്‍ നിലപാട് മാറ്റിയത്.
ശ്രീപാര്‍വതിയുടെ അമ്മ പറയുന്നു. നിലപാട് മാറ്റിയതില്‍ മകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. അപ്പോള്‍ സ്ഥാനം ഒഴിയാന്‍ പറഞ്ഞുകൊണ്ടാണ് ആര്‍എസ്എസ് പ്രതികരിച്ചത്. ഇതിനെതിനെതിരെ ശ്രീപാര്‍വതി നിലപാട് കടുപ്പിച്ചു. സംഘപരിവാറിന്റെ ഇരട്ടത്താപ്പ് മനസിലാക്കിയതിനാലായിരുന്നു ഇത്. കുറിപ്പ് ശ്രദ്ധയില്‍പെട്ട ഏതാനും ആര്‍എസ്എസ് നേതാക്കള്‍ ശ്രീപാര്‍വതിയെ കാണുകയും തന്റെ നിലപാട് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. നിലപാട് തിരുത്താന്‍ താന്‍ തയാറാകാത്തപ്പോഴാണ് തനിക്കെതിരെ ആര്‍എസ്എസ് വധഭീഷണി മുഴക്കിയതെന്നു ശ്രീപാര്‍വതി പറയുന്നു.
സുപ്രീം കോടതി വിധിയില്‍ തങ്ങള്‍ക്ക് ആഹ്ലാദമാണുള്ളതെന്നും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേരില്‍ വിധിയെ പഴിക്കാന്‍ തങ്ങള്‍ തയാറല്ലെന്നും ശ്രീപാര്‍വതിയുടെ കുടുംബം പറയുന്നു. ‘കുടുംബത്തിലെ മറ്റു സ്ത്രീകളെയും സ്ത്രീകളായ സുഹൃത്തുക്കളെയും കൂടെക്കൂട്ടും. കാലപ്പഴക്കം ചെന്ന ചില വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പ്രവണത ശരിയല്ല’. കുടുംബാംഗങ്ങള്‍ പറയുന്നു.