കൊച്ചി: ജലന്ധറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വൈദികന് ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹം കൊച്ചിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് സ്വദേശമായ ചേര്‍ത്തലയിലേക്ക് കൊണ്ടു പോകും. നാളെയാണ് സംസ്കാര ചടങ്ങുകള്‍.
ഫാദര്‍ കുര്യാക്കോസന്റെ മൃതശരീരത്തില്‍ ആന്തരികമോ ബാഹ്യമോ ആയ പരിക്കുകള്‍ ഇല്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയുടെ ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ മൂന്നു മാസക്കാലമെടുക്കും.
22-ന് രാവിലെയാണ് വൈദികനെ ജലന്ധറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും അന്വേഷിക്കണം എന്നും കാട്ടി ബന്ധുക്കള്‍ പഞ്ചാബ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദര്‍ കുര്യാക്കോസ് മൊഴി നല്‍കിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റിനുപിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.