കൊച്ചി: പതിവുപോലെ ക്ലാസ് കഴിഞ്ഞ് മീന്‍ വില്‍പ്പനയ്ക്കായി പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വന്നിറങ്ങിയപ്പോള്‍ ഇന്നലെത്തെ പോലെയായിരുന്നില്ല. ഒറ്റ രാത്രികൊണ്ട് അവള് താരമായി മാറിയിരിക്കുന്നു. അവളെ കാത്ത് ചാനല്‍ ക്യാമറകള്‍. ഫ്ലാഷുകള്‍ മിന്നിച്ച് ഫൊട്ടോഗ്രാഫര്‍മാര്‍. അല്പം മുന്‍പ് കാത്തിരുന്ന മാധ്യമപ്പടയുടെ നടുവിലേക്ക് വന്നിറങ്ങുമ്പോള്‍ മണിക്കൂറുകള്‍ കൊണ്ട് ജീവിതം മാറി മറിഞ്ഞതിന്റെ ഭാവമില്ല അവളുടെ മുഖത്ത്.
”ഇന്നത്തെ ദിവസം എന്റെ ഫോണിന് വിശ്രമുണ്ടായിട്ടില്ല. കോളുകളുടെ മേളമായിരുന്നു. മീനെടുത്ത് വന്നശേഷം കോളജില്‍ പോയി. ഈ നിമിഷം വരെ ഒരു വക കഴിച്ചിട്ടില്ല. ഒരു ചായ മാത്രമാണ് രാവിലെ കഴിച്ചത്.’ സ്നേഹത്തോടെ കേരളം നെഞ്ചേറ്റിയ ഹനാന് പറഞ്ഞു.
കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഒരു ബിരുദ വിദ്യാര്‍ത്ഥിനി ഇന്ന് കടല്‍കടന്നും ചര്‍ച്ചയാവുന്നു. അവളുടെ ജീവിതം ചര്‍ച്ചയായതോടെ അവസരങ്ങളും പിന്തുണയും നിറയെ. സോഷ്യല്‍ ലോകത്തും ഹനാന് ചര്‍ച്ചയായതോടെ ലോകത്തിന്റെ നാനാഭാഗത്ത് നിന്നാണ് ഈ മിടുക്കിയെ തേടി സഹായമെത്തുന്നത്. ഹനാന്റെയും അനിയന്റെയും പഠനചെലവ് പൂര്‍ണമായും ഗള്‍ഫ് വ്യവസായി ഏറ്റെടുത്തു.
അതിനൊപ്പം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലേക്ക് ഹനാന് നല്ലൊരു വേഷം മാറ്റിവച്ചിട്ടുണ്ടെന്ന് സംവിധായകന് അരുണ്‍ ഗോപിയും വ്യക്തമാക്കി.
കൂടാതെ ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷാന്‍ നവാസ് എന്ന വ്യക്തി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ഹന തിളങ്ങിയ അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നു. ‘നാട്ടുകാരനായ വീട് വാടകയ്ക്ക് എടുത്ത് കൊടുക്കുന്ന അഷ്റഫിക്കയാണ് ഹനയെക്കുറിച്ച് എന്നോട് പറയുന്നത്. നന്നായിട്ട് പാട്ട് പാടുന്ന ഒരു കുട്ടിയുണ്ട് വളരെ കഷ്ടപ്പെട്ട് പഠിക്കുന്നു. വാടകയ്ക്ക് താമസിക്കുന്നു. നവാസ് വിചാരിച്ചാല്‍ എന്തെങ്കിലും ജോലി നിങ്ങളുടെ മേഖലയില്‍ നടക്കുവോ… ഒട്ടും ആലോചിക്കേണ്ടി വന്നില്ല.. നമ്പര്‍ കൊടുത്തു… തൊട്ടടുത്ത നാള് ഹനന്‍ വിളിച്ചു. ഡബ്ബിംങ് ചെയ്തിട്ടുണ്ടോ എന്നുള്ള എന്റെ ചോദ്യത്തിന് ഞാന്‍ ചെയ്യാം ഇക്ക എന്നുള്ള പോസിറ്റീവ് മറുപടി. പിന്നെ സ്റ്റുഡിയോയില്‍ മൈക്കിനു മുമ്പില്‍. വളരെ പരിചിതരായ ഡബ്ബിംങ് ആര്‍ട്ടിസ്റ്റുകളെപ്പോലെ ഒറ്റ ടേക്കില്‍ ഓക്കെ. ഇനി ചാന്‍സുണ്ടേല്‍ പറയണേ ഇക്ക എന്ന് പറഞ്ഞാണ് അവള് പോയത്..’. അദ്ദേഹം കുറിച്ചു.