പെരളശ്ശേരി: അവശനിലയില്‍ കണ്ടെത്തിയ ഭിക്ഷക്കാരിയില്‍ നിന്നും പോലീസും നാട്ടുകാരും കണ്ടെത്തിയത് മുക്കാല്‍ ലക്ഷം രൂപ. പെരളശ്ശേരി ക്ഷേത്രം നടപ്പന്തലില്‍ ഭിക്ഷാടനം നടത്തുന്ന മുഴപ്പിലങ്ങാട് വലിയപുരയില്‍ ശകുന്തളയില്‍ നിന്നാണ് 55,010 രൂപയും 25,000 രൂപ നിക്ഷേപമുള്ള മൗവ്വഞ്ചേരി ബാങ്ക് പാസ്ബുക്കും കണ്ടെത്തിയത്.
ദിവസങ്ങളായി ഇവര്‍ അവശനിലയിലായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ ചക്കരക്കല്‍ പോലീസിനെ വിവരമറിയിച്ചു. പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ബന്ധുക്കള്‍ തയ്യില്‍ ഭാഗത്തുണ്ടെന്ന് വിവരം ലഭിക്കുകയും അവിടത്തേക്ക് കൊണ്ടുപോകാനായി വാഹനസൗകര്യമൊരുക്കുകയും ചെയ്തു.
മൂന്നു മണിക്കൂറോളം ശ്രമിച്ചാണ് ഇവരെ വാഹനത്തില്‍ കയറ്റാന്‍ സാധിച്ചതെന്ന് പോലീസ് പറഞ്ഞു. വാഹനത്തില്‍ കയറാന്‍ വിസമ്മതം കാണിച്ചതിനെത്തുടര്‍ന്ന് ശകുന്തള താമസിച്ചിരുന്ന കടത്തിണ്ണയില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് നോക്കിയപ്പോഴാണ് ഒരു ബക്കറ്റില്‍ പണവും പാസ്ബുക്കും കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. റേഷന്‍ കാര്‍ഡും നിരോധിച്ച 1000, 500 രൂപയുടെ നോട്ടുകളും ഇതിലടങ്ങിയിട്ടുണ്ട്. തുക എണ്ണി തിട്ടപ്പെടുത്തിയശേഷം സാധുവായ തുക ശകുന്തളയുടെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.