കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം. അഭിമന്യുവിന്റെ ജീവിതവും കുടുംബവും സോഷ്യല്‍ മീഡിയിയിലൂടെ കേരള ജനത അടുത്ത് അറിഞ്ഞതാണ്. ദുരിതങ്ങളോട് പൊരുതി എത്തിയ അഭിമന്യുവിന്റെ ജീവിതം സിനിമയാകന്നു. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ആര്‍എംസിസി(റെഡ് മലബാര്‍ കോമ്രേഡ്സ് സെല്‍) എന്ന പേരിലുള്ള വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ‘പത്മവ്യൂഹത്തിലെ അഭിമന്യു’ എന്ന പേരില്‍ അഭിമന്യു പ്രേക്ഷകര്‍ക്ക് മുന്നില്‍ പുനര്‍ജനിക്കുന്നത്. മലയാളത്തിലെ പ്രമുഖ നടന്മാര്ക്കൊപ്പം പുതുമുഖങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാണ് നവാഗത സംവിധായകനായ വിനീഷ് ആരാധ്യ ചിത്രം സംവിധാനം ചെയ്യുന്നത്.
അഭിമന്യു എന്തായിരുന്നോ, അത് അതേപോലെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് സംവിധായകന് വിനീഷ് ആരാധ്യ പറഞ്ഞു. വട്ടവടയിലെ കാര്‍ഷിക ഗ്രാമത്തില്‍ നിന്ന്, കഷ്ടപ്പാടുകളോട് പൊരുതി, മഹാരാജാസില്‍ എത്തി പഠിക്കുന്ന അഭിമന്യു, എതിരാളികള്‍ക്ക് പോലും പ്രിയങ്കരനായ അഭിമന്യുവിനെ വര്‍ഗ്ഗീയവാദികള്‍ കുത്തിക്കൊലപ്പെടുത്തുന്നു. ഇതിനെത്തുടര്‍ന്ന് ആ നാടിനും, പ്രസ്ഥാനത്തിനും മഹാരാജാസിനും ഉണ്ടാകുന്ന തേങ്ങലുമാണ് ചിത്രം പ്രേക്ഷകനോട് സംവദിക്കുന്നത്.
വര്‍ഗ്ഗീയവാദികളെ ഒറ്റപ്പെടുത്താനും ചിത്രം ആഹ്വാനം ചെയ്യുന്നുണ്ടെന്ന് സംവിധായകന് വിനീഷ് ആരാധ്യ പറയുന്നു. അതുകൊണ്ട് തന്നെ സിനിമ മേഖലയിലെ നിരവധി പേര് സൗജന്യമായി ചിത്രവുമായി സഹകരിക്കാമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. അങ്കമാലി ഡയറീസിലൂടെ തിളങ്ങിയ വിനീത് വിശ്വമാണ് ചിത്രത്തില്‍ അഭിമന്യുവായി വേഷമിടുന്നത്.
ഈ മാസം 28 നാണ് പുതുമഖങ്ങള്ക്കായുള്ള ഓഡിഷന് നടക്കുന്നത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് ഓഡീഷന്. നിലവിലെ സാഹചര്യത്തില്‍ മഹാരാജാസ് കോളേജില്‍ വെച്ചുള്ള ഷൂട്ടിങ് ബുദ്ധിമുട്ടാണ്. അതിനാല്‍ കോഴിക്കോടുള്ള ദേവഗിരി കോളേജിലോ മറ്റോ ആയിരിക്കും ചിത്രത്തിലെ ക്യാമ്പസ് ഭാഗങ്ങള്‍ ചിത്രീകരിക്കുക. വട്ടവടയില്‍ നിന്ന് മഹാരാജാസിലേക്ക് അഭിമന്യു എത്തുന്ന ഭാഗം പൂര്‍ണ്ണമായും മഹാരാജാസില്‍ തന്നെയാണ് ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. അഭിമന്യുവുമായി നേരിട്ട് ബന്ധമുള്ള ഒട്ടേറെ വ്യക്തികളെ ചിത്രത്തില്‍ വേഷമിടാന്‍ ക്ഷണിച്ചിട്ടുണ്ട്.
ക്യാമറ യൂണിറ്റടക്കം പലരും ചെറിയ തുകയ്ക്കാണ് സിനിമയുമായി സഹകരിക്കുന്നത്. അതുകൊണ്ട തന്നെ 25 മുതല്‍ അമ്പത് ലക്ഷം രൂപ വരെയാണ് ചിത്രത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക നവമാധ്യമ കൂട്ടായ്മയുടെ ഭാഗമായവര്‍ തന്നെ വഹിക്കാമെന്നാണ് ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ കോഴിക്കോട്, എറണാകുളം, മൂന്നാര്‍ എന്നിവടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. രമേഷ് കാവില്‍, അജയ് ഗോപാല്‍, സിപി അബൂബക്കര്‍(ദേശാഭിമാനി) എന്നിവരാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്. അജയ് ഗോപാലാണ് സംഗീതം. ഷാജി ജേക്കബാണ് ക്യാമറ. ആര് എം സി സി പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.