തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കാനുള്ള ആര്‍എസ്എസ് നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയെ കലാപഭൂമിയാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അത് ഒരിക്കലും അനുവദിക്കില്ലെന്നും വിശ്വാസികള്‍ സത്യം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.
എല്ലാ ജാതിമത വിഭാഗങ്ങളിലുംപെട്ടവര്ക്ക് ഒരു പോലെ ദര്‍ശനം നടത്താന്‍ കഴിയുന്നു എന്ന ശബരിമലയുടെ സവിശേഷതയില്‍ അസഹിഷ്ണുതയുള്ളവരാണ് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍. പല ഘട്ടങ്ങളില്‍ ഈ പ്രത്യേകതയെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ ഇടപെട്ടിട്ടുണ്ട്. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള്‍ പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും അവര്‍ ശ്രമിച്ചിട്ടുണ്ട്.
മലയരയ സമുദായം അടക്കമുള്ള ആദിവാസികള്‍ക്ക് ശബരിമല കാര്യത്തില്‍ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് എന്നിവയൊക്കെ ഇല്ലായ്മ ചെയ്യുന്നതില്‍ സംഘപരിവാര്‍ ശക്തികള്‍ വഹിച്ച പങ്ക് എല്ലാവര്ക്കും അറിവുള്ളതാണ്. ഇതെല്ലാം ശബരിമലയുടെ പൊതുസ്വാഭാവത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കുള്ള നീക്കങ്ങളായിരുന്നു.
ആ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ശബരിമലയെ തകര്‍ക്കാനുള്ള ഇപ്പോഴത്തെ ആര്‍എസ്എസ് നീക്കങ്ങളെയും കാണേണ്ടത് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികളുടെ യാത്രയ്ക്ക് തടസമുണ്ടാക്കുക, ഭീകരത പടര്‍ത്തി അവരെ പിന്തിരിപ്പിക്കാന് നോക്കുക തുടങ്ങിയ കാര്യങ്ങള്‍ ശബരിമലക്ക്തന്നെ എതിരാണ്. സവര്ണജാതിഭ്രാന്താല് പ്രേരിതമായ ഈ നീക്കങ്ങള്‍ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്.
ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം അവിടേക്ക് ചെല്ലുന്നവരെ പിന്തിരിപ്പിക്കാനാണ് നീക്കം. ഇത് അനുവദിക്കുന്ന പ്രശ്നമില്ല. ക്രിമിനല്‍ സംഘങ്ങളെ പുറത്ത്നിന്ന് ഇറക്കുമതി ചെയ്ത് ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ഇവര്‍ ഇപ്പോള്‍ നടപ്പാക്കാന്‍ നോക്കുന്നത്.
എല്ലാ സത്യങ്ങളും വിശ്വാസികളും ഇത് തിരിച്ചറിയണമെന്നും ആര്‍എസ്എസ് നെ കലാപം സൃഷ്ടിക്കാന്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.