കൊച്ചി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പ്രവേശിക്കും എന്ന ഉറച്ച നിലപാട് എടുത്ത ലിബിയ്ക്ക് നേരെ കേട്ടാലറയ്ക്കുന്ന പൂരപ്പാട്ട് നടത്തി സൈബര്‍ ഭക്തര്‍. ശബരിമല പ്രവേശനത്തിന് എത്തിയ ലിബിയെ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാര്‍ഡില്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇവയൊന്നും വകവെയ്ക്കാതെ മുന്പോട്ട് പോയതിനു പിന്നാലെയാണ് വന്‍ സൈബര്‍ ആക്രമണം നടക്കുന്നത്.
ലിബി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെയാണ് തെറിയഭിഷേകം. നേരത്തെ തന്നെ ശബരിമലയില്‍ കയറുമെന്ന് വ്യക്തമാക്കിയിരുന്ന ലിബി ഇന്ന് രാവിലെ പത്തനംതിട്ടയിലെത്തിയതോടെ ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിയുകയായിരുന്നു. പോലീസ് വലയത്തില്‍ ഇവരെ അവിടെ നിന്നും മാറ്റി. കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് വ്യക്തമാക്കിയ ലിബി ഉച്ചയ്ക്ക് ശേഷം മല കയറാനുള്ള നീക്കത്തിലാണ്.
അതിനിടയിലാണ് ഏറ്റവും മോശമായ രീതിയില്‍ ലിബിയ്ക്കെതിരെ സൈബര്‍ തെറിവിളി നടക്കുന്നത്. ഇന്ന് ഉച്ചയോടെ ശബരിമല കയറുമെന്നാണ് ലിബി കുറിച്ചത്. ലിബിയ്ക്കെതിരെ വധി ഭീഷണി മുഴക്കാനും ചിലര്‍ തയ്യാറായിട്ടുണ്ട്. അതസമയം ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെ തെറി വിളി നടത്തുന്നവരുടെ അയ്യപ്പ ഭക്തി ചോദ്യം ചെയ്തും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. പൂരപ്പാട്ട് നടത്തുന്ന ഇവരാണോ അയ്യപ്പ ഭക്തരെന്ന് സോഷ്യല്‍മീഡിയ ചോദ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസം കാപട്യമാക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.