മഞ്ചേരി: ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു, ഉമ്മ തളര്‍ന്നുകിടക്കുകയാണ്. അവരെ ശുശ്രൂഷിക്കാനും ജോലിക്കുപോകാനും കുഞ്ഞിനെ ആരെങ്കിലും നോക്കാന്‍ വേണം… ആരെങ്കിലും നോക്കാനുണ്ടായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ ഞാന്‍ ഇവിടെ കൊണ്ടുവരില്ലായിരുന്നു. നിറകണ്ണുകളോടെ പറഞ്ഞ് തീരുംമുമ്പേ ആ അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച് പോയിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അമ്മത്തൊട്ടിലിലാണ് അമ്മ നേരിട്ടെത്തി കുഞ്ഞിനെ ഉപേക്ഷിച്ച് പോയത്. അമ്മത്തൊട്ടിലിന് സമീപം ചുറ്റിപ്പറ്റിനിന്ന് കൈകുഞ്ഞിനെ നിറകണ്ണുകളോടെ നോക്കിയും ഉമ്മവച്ചും താലോലിച്ചുകൊണ്ടിരുന്നപ്പോള് പന്തികേടു തോന്നിയ ആശുപത്രി ജീവനക്കാരന് വിവരം അത്യാഹിത വിഭാഗം നഴ്സുമാരെ അറിയിച്ചു.
നഴ്സുമാര്‍ എത്തിയപ്പോഴേക്കും കുഞ്ഞിനെ തൊട്ടിലില്‍വച്ച് ആ അമ്മ പോയിക്കഴിഞ്ഞിരുന്നു. 35 വയസ്സു തോന്നിക്കുന്ന സ്ത്രീയാണ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയത്. അമ്മത്തൊട്ടിലില്‍നിന്നു കുഞ്ഞിനെ ഏറ്റെടുത്ത് ഐസിയുവില്‍ പ്രവേശിപ്പിച്ചു.
10 ദിവസം പ്രായവും മൂന്നര കിലോഗ്രാം തൂക്കവുമുള്ള ആണ്‍കുഞ്ഞാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രാഥമിക പരിശോധനയും കുത്തിവയ്പുമെടുത്തു. തുടര്‍ന്ന് ശിശുക്ഷേമ സമിതി അധികൃതരെ വിവരം അറിയിച്ചു. അവരെത്തി കുഞ്ഞിനെ ഏറ്റുവാങ്ങിയതായി സൂപ്രണ്ട് ഡോ. നന്ദകുമാര്‍ പറഞ്ഞു. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.