കൊച്ചി: ദിലീപ് നല്കിയ രാജിക്കത്ത് സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മോഹന്‍ലാല്‍ അല്ലെന്ന് നടനും സംവിധായകനുമായ മഹേഷ്. ഡബ്ല്യുസിസിക്ക് മറുപടിയായ ‘എഎംഎംഎ’ പുറപ്പെടുവിച്ച കത്തിനെ പറ്റിയുള്ള ചര്‍ച്ചക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്സിക്യൂട്ടിവ് യോഗമാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് അല്ലാതെ മോഹലാലിന് തനിച്ച് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ കാരണം അമ്മയും ഡബ്ല്യുസിസിയും തമ്മില്‍ ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് കരുതി ദിലീപ് കഴിഞ്ഞ സെപ്തംബര്‍ പത്താം തീയതി രാജിക്കത്ത് നല്‍കിയെന്നാണ് ഞാന്‍ അറിഞ്ഞത്. 17 പേരടങ്ങുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് വേണം അതില്‍ ഒരു തീരുമാനം എടുക്കാന്‍. അല്ലാതെ മോഹന്‍ലാലിന് ഒറ്റക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ല. ഡബ്ല്യുസിസിക്ക് നാളെ തന്നെ മറുപടി വേണമെന്ന പറഞ്ഞാല്‍ ഒരിക്കലും സാധിക്കുന്ന കാര്യമല്ല കാരണം എക്സിക്യൂട്ടീവ് അംഗങ്ങള്‍ എല്ലാവരും ഒന്നിച്ച് കൂടി വേണം കാര്യങ്ങള്‍ തീരുമാനിക്കാന്‍.
പ്രകൃതിക്ഷോഭവും അംഗങ്ങളുടെ തൊഴില്‍ പ്രശ്നങ്ങളും കാരണമാണ് നേരത്തെ എക്സിക്യൂട്ടിവ് യോഗം ചേരാന്‍ സാധിക്കാത്തത്. എല്ലാവരും ദിലീപ് കുറ്റം ചെയ്തു എന്നാണ് പറയുന്നത്. എന്നാല്‍ കോടതി വിധി വരുന്നത് വരെ അദ്ദേഹം ഞങ്ങള്‍ക്ക് കുറ്റക്കാരനല്ല. കുറ്റം ചെയ്തുവെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ജയിലില്‍ പോണം മഹേഷ് പറഞ്ഞു.
ഞങ്ങള്‍ നടിക്കൊപ്പം തന്നെയാണ് എന്നാല്‍ അതില്‍ പ്രതിചേര്‍ക്കപ്പെട്ട ആളില്‍ മാത്രമേ ഞങ്ങള്‍ക്ക് ഒരു വിയോജിപ്പുള്ളു. ആ കുട്ടിക്ക് സംഭവിച്ചത് പോലെ വേറെ ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകരുതെന്നും ആ കുട്ടിക്ക് നല്ല ധൈര്യം കൊടുക്കണമെന്നുമാണ് ഞങ്ങള്‍ എല്ലാവരും എന്നും പ്രര്‍ത്ഥിക്കുന്നത്.
അക്രമിക്കപ്പെട്ട പെണ്‍കുട്ടി പോലും പറയുന്നില്ല ദിലീപാണ് പ്രതിയെന്ന് അവര്‍ പറയുന്നത് അവരുടെ തൊഴിലും സുരക്ഷിതത്വവും ദിലീപ് ഇല്ലാതാക്കി എന്ന് മാത്രമാണ്. അക്കാര്യം പറഞ്ഞാണ് അവര്‍ പ്രധാനമായും അമ്മയില്‍ നിന്ന് രാജി വെച്ച് പോയതെന്നും മഹേഷ് പറഞ്ഞു.