കൊല്ലം: രണ്ട് കൂട്ടുകാരികള്‍ക്കും ലക്ഷ്യം ഒന്ന് മാത്രം ഒടുവില്‍ അവരുട കഠിനപ്രയത്നത്തിന് മുന്നില്‍ ലക്ഷ്യം യാഥാര്‍ത്ഥ്യമായി. ഒന്നിച്ചിരുന്നു പഠിച്ച് എച്ച്എസ്എ മാത്സ് റാങ്ക് ഹോള്ഡേഴ്സായി മാറിയിരിക്കുകയാണ് സുനീഷയും പ്രതിഭയും.
കൊല്ലം ജില്ലയിലെ എച്ച്എസ്എ മാത്സ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് ജേതാവായ എസ് സുനീഷയും ഇതേ തസ്തികയ്ക്ക് ആലപ്പുഴ ജില്ലയിലെ ഒന്നാം റാങ്ക് ജേതാവ് ബി പ്രതിഭ. ഇരുവരും വര്‍ഷങ്ങളായുള്ള കൂട്ടുകാരുമാണ്.
കരുനാഗപ്പള്ളി ടോപ്പേഴ്സില്‍ പരീക്ഷാ പരിശീലനത്തിനെത്തിയപ്പോഴാണ് രണ്ടുപേരും ചങ്ങാതിമാരായത്. പിന്നീടു പഠനവും ഒന്നിച്ചായി. രണ്ടുപേര്‍ക്കും ഒരേ ലക്ഷ്യമാത്രം. എച്ച്എസ്എ മാത്സ് റാങ്ക് ലിസ്റ്റിലെ മികച്ച വിജയവും അതുവഴി നേടാന്‍ കഴിയുന്ന സര്‍ക്കാര്‍ ജോലിയും. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പരീക്ഷ എഴുതിയ നൂറു കണക്കിന് ഉദ്യോഗാര്‍ഥികളെ പിന്നിലാക്കി ഒന്നാം റാങ്കോടെ അവര്‍ അത് നേടുകയും ചെയ്തു.
ആലപ്പുഴ ജില്ലയിലെ റാങ്ക് ലിസ്റ്റില്‍ നിന്നു മങ്കൊമ്പ് തെക്കേക്കര ഗവഎച്ച്എസില് പ്രതിഭ ജോലിക്കു പ്രവേശിച്ചു കഴിഞ്ഞു. സുനീഷയ്ക്ക് കൊല്ലം ജില്ലയിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഉടന്‍ നിയമനശുപാര്‍ശ ലഭിക്കും.
എംഎസ്സി മാത്സ്, ബിഎഡ്, സെറ്റ് യോഗ്യതകള്‍ നേടിയിട്ടുള്ള പ്രതിഭ സര്‍വകലാശാല അസിസ്റ്റന്റ്, എല്‍ഡിസി തിരുവനന്തപുരം, അസിസ്റ്റന്റ് സെയില്സ്മാന് കൊല്ലം തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് പരീക്ഷയും എഴുതിയിട്ടുണ്ട്. ഇതിന്റെ ലിസ്റ്റിലും ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. കരുനാഗപ്പള്ളി വള്ളികുന്നം കാരാഴ്മ പിഎന്‍. നിവാസില്‍ പ്രസന്നന്റെയും ബേബിയുടെയും മകളാണ്.
പ്രതിഭയെപ്പോലെ എംഎസ്സി മാത്സ്, ബി.എഡ്, സെറ്റ് യോഗ്യതകള്‍ നേടിയിട്ടുള്ള സുനീഷ ചവറ ഗ്രാമന്യായാലയ കോടതിയില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ജോലി ചെയ്യുകയാണിപ്പോള്‍. കമ്പനി/കോര്പറേഷന്/ബോര്‍ഡ് അസിസ്റ്റന്റ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, റിസര്‍ച്ച് അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. കമ്പനി/കോര്പറേഷന്/ബോര്‍ഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് കെഎസ്ഇബിയില്‍ ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ തസ്തികയില്‍ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒഴിവുകളില്‍ ഹൈക്കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലേ നിയമനം നടക്കൂ.
എച്ച്എസ്എ മാത്സ് റാങ്ക് ലിസ്റ്റില്‍ നിന്ന് ഉടന്‍ നിയമന ശുപാര്‍ശ ലഭിച്ചാല്‍ ജോലിയില്‍ പ്രവേശിക്കും. എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് ലിസ്റ്റിലും ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. ഇന്‍ഷുറന്‍സ് വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലി ചെയ്യുന്ന വള്ളികുന്നം പുത്തന്‍ചന്ത കളഭത്തില്‍ അജിയാണ് സുനീഷയുടെ ഭര്‍ത്താവ്. അച്ഛന് സദാശിവന്. അമ്മ ഉഷ.