കക്കാട്: ഇരുനില കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് അബദ്ധത്തില്‍ കാല് വഴുതി താഴേയ്ക്ക് വീണു. അരയടിയോളം വീതിയുള്ള സണ്‍ഷേഡില്‍ നിന്നായിരുന്നു യുവാവിന്റെ സാഹസം. ഒടുവില്‍ കാല് വഴുതി വീഴുകയായിരുന്നു. താഴേയ്ക്കു വീണ യുവാവിനെ അഗ്നി ശമന സേന വിരിച്ച വലയില്‍ കുരുക്കി രക്ഷപ്പെടുത്തി.
പന്തല്‍ തൊഴിലാളിയായ കൊറ്റാളി സ്വദേശി കബീര്‍ (25) ആണു കക്കാട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് ഓഫിസ് പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തില്‍ കയറി ഭീഷണി മുഴക്കിയത്. രാത്രി 7.45 മുതല്‍ യുവാവിന്റെ പരാക്രമം ആരംഭിച്ചിരുന്നു.
വിവരമറിഞ്ഞ് 8.15ന് അഗ്നിശമന സേനയും പോലീസും എത്തി കെട്ടിടത്തിനു താഴെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി. കടമുറികളുള്ള രണ്ടാം നിലയില്‍ കെട്ടിടത്തിന്റെ ചുമരിനു പുറത്ത് അരികിലും പിന്വശത്തുമായുള്ള വീതി കുറഞ്ഞ സണ്‍ഷേഡില്‍ കയറിയായിരുന്നു ഭീഷണി.