കോട്ടയം: വര്‍ഷങ്ങള്‍ക്ക് മുമ്പൊരു മഴവെള്ളം മഴ ചിത്രങ്ങളെ പ്രണയിച്ച വിക്ടര്‍ ജോര്‍ജിനെ എന്നന്നേക്കുമായി കവര്‍ന്നെടുത്തു, പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു മഴ ദുരന്തം മാധ്യമപ്രവര്‍ത്തകരെ വേട്ടയാടാനെത്തി. പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ചാനല്‍ സംഘത്തെ മഴ വെള്ളം കീഴടക്കി. അപകടത്തില്‍ മരിച്ച രണ്ട് സഹപ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമങ്ങളിലടക്കം കേരളത്തിലെ മാധ്യമലോകം ഒന്നാകെ ആദരാഞ്ജലി അര്‍പ്പിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെ കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് പ്രാദേശിക ലേഖകന്‍ സജിയെയും മാതൃഭൂമി ന്യൂസ് ഡ്രൈവര്‍ ബിബിന്‍ ബാബുവിനെയും കാണാതായത്.
സജി (46) യുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് തിരച്ചിലില്‍ കണ്ടെത്തിയത്. സജിയുടെ സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നടന്നു.വൈകുന്നേരം ഏഴുമണിയോടെയാണ് തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ബിപിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടം നടന്നതിന് മുന്നൂറു മീറ്റര്‍ അകലെനിന്നാണ് ബിപിന്റെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുണ്ടാറിലെ പ്രളയക്കെടുതി ചിത്രീകരിച്ച മടങ്ങും വഴി മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വളളം മറിഞ്ഞത്. അഞ്ച് പേര് വള്ളത്തില്‍ ഉണ്ടായിരുന്നു. വള്ളക്കാരനെയും റിപ്പോര്‍ട്ടര്‍ ശ്രീധരന്, ക്യാമറാമാന് അഭിലാഷ് എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും പ്രാദേശിക ലേഖകന്‍ കെകെ സജി, ഡ്രൈവര്‍ ബിബിന്‍ ബാബു എന്നിവര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി. രാത്രി വൈകി വരെ തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
വള്ളം മറിഞ്ഞതിന്റെ തൊട്ടടുത്തു നിന്ന് തന്നെയാണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്. ആമ്പല്‍ വള്ളികളില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫയര്‍ഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് തലകുത്തനെ കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ശക്തമായ മഴയും അടിയൊഴുക്കും ചെളിയും തിരച്ചിലിന് തടസമായി.
ഫയര്‍ഫോഴ്സ്, നേവിക്ക് പുറമെ ദുരന്തനിവാരണ സേനയും തിരച്ചിലിനിറങ്ങിയിരുന്നു.
കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. ഇവരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച വള്ളം ശക്തമായ ഒഴുക്കില്‍ പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
കടുത്തുരുത്തി ആപ്പാഞ്ചിറയില്‍ മെഗാ സ്റ്റുഡിയോയുടെ ഉടമയാണ് മരിച്ച സജി. അഞ്ചു വര്‍ഷത്തിലേറെയായി വിവിധ ദൃശ്യമാധ്യമങ്ങള്‍ക്കായി പ്രാദേശിക ലേഖകനായി സജി പ്രവര്‍ത്തിക്കുന്നുണ്ട്. സുനിതയാണ് സജിയുടെ ഭാര്യ അനിഗ, അനഘ എന്നിവര്‍ മക്കളാണ്.
2001 ജൂലൈ 9 നാണ് ഇടുക്കി ജില്ലയിലെ വെണ്ണിയാനിയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ അപൂര്‍വചിത്രങ്ങള്‍ ക്യാമറയിലൊപ്പിയെടുക്കാന്‍ വിക്ടര്‍ യാത്രയായത്. മഴയുടെ ആല്‍ബമെന്ന തന്റെ സ്വപ്നത്തിലേക്ക് മറ്റാര്‍ക്കും അതുവരെ ലഭിക്കാത്ത മഴയെ കൊണ്ടുവരാനാണ് വിക്ടര്‍ ശ്രമിച്ചത്. പ്രകൃതി ക്രൂരത വിതച്ച നാശങ്ങളിലൂടെ നടന്നു നടന്ന് വിക്ടര്‍ ഉള്ളിലേക്ക് പോയി. വിക്ടര്‍ തന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ്-5 ക്യാമറയുമായി മരണത്തിലേക്ക് നടന്നുപോയത്.
ജോലിയെ ജീവനോളം സ്നേഹിച്ചവര്‍ ഫീല്‍ഡില്‍നിന്നു തന്നെ
ജീവിതത്തിന്റെ അവസാനത്തെ ഫ്രെയിമിലേക്ക് യാത്രയായത്.