മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന അപ്പര്‍കുട്ടനാട് മേഖലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുന്നതിനിടെ ജാതി പരാമര്‍ശം നടത്തിയ നാട്ടുകാരന് ചുട്ട മറുപടിയുമായി മന്ത്രി ജി സുധാകരന്. ക്യാംപുകളില്‍ സന്ദര്‍ശനം നടത്തുന്നത് ജാതി അടിസ്ഥാനത്തിലാണോയെന്ന ചോദ്യമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് ജാതി തിരിച്ചല്ലെന്നും മേലില്‍ ജാതി പരാമര്‍ശം പാടില്ലെന്നും മന്ത്രി പറഞ്ഞു. ജാതി പറഞ്ഞതിന് പിടിച്ച് ജയിലില്‍ ഇടുകയാണ് വേണ്ടതെന്നും മേലാല്‍ ജി സുധാകരനോട് ജാതി പറയരുതെന്നും മന്ത്രി പറയുന്നുണ്ട്.
ആലപ്പുഴ എടത്വായ്ക്ക് സമീപം തലവടി പഞ്ചായത്തിലെ സന്ദര്‍ശനത്തിനു ശേഷം ചക്കുളത്തുകാവില്‍ നിന്ന് അടുത്ത ക്യാംപിലേക്ക് ബോട്ടില്‍ പോകാനെത്തിയപ്പോഴാണ് സംഭവം.