പെരിന്തല്‍മണ്ണ: തീപിടിച്ച നിലയില്‍ ആശുപത്രിയിലേക്ക് യുവാവ് ഓടിക്കയറി. ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. തിങ്കളാഴ്ച്ച വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലാണ് സംഭവം. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച്ച വൈകുന്നേരം നാലുമണിയോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്ക് എതിര്‍വശത്ത് പണി നടന്നു കൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍ നിന്നാണ് തീപിടിച്ച നിലയില്‍ ഫവാസ് ഓടിയതെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡ് മുറിച്ചുകടന്ന് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിന് മുന്നിലേക്ക് എത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ തുണിയും മറ്റും ഉപയോഗിച്ച് തീകെടുത്തി. അടിയന്തര ചികിത്സ നല്കി. എന്നാല്‍ 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുള്ളതിനാല് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
യുവാവ് ഓടിവന്ന വരാന്തയില്‍ റോസാപ്പൂ, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി എന്നിവ കണ്ടെത്തി. ഫോണിലെ കോള്‍ ഹിസ്റ്ററി നീക്കംചെയ്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു. പ്രണയനൈരാശ്യമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.