ന്യൂഡല്‍ഹി: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച കോടതി വിധിയില്‍ എന്‍എസ്എസ് ഉള്‍പ്പടെയുള്ളവര്‍ ഇന്ന് റിവ്യു ഹര്‍ജി നല്‍കിയേക്കും. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക. വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനപരിശോധനാ നല്‍കാം.
ആ കാലയളവിന് ശേഷമേ സാധാരണ ഗതിയില്‍ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ. അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ് ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ട്. പൂജ അവധിക്കായി വെള്ളിയാഴ്ച കോടതി അടയ്ക്കുകയാണ്. 22 ന് ശേഷമായിരിക്കും ഇനി കോടതി തുറക്കുക. ശേഷമായിരിക്കും ഹര്‍ജികള്‍ പരിഗണിക്കുക.
അതേസമയം ശബരിമലയില്‍ ഈ മാസം നട തുറക്കുമ്പോള്‍ വനിതാ പോലീസിനെ വിന്യസിക്കില്ല. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തും സ്ത്രീകളുടെ തിരക്ക് വിലയിരുത്തിയ ശേഷമെ വനിതാ പോലീസ് മല കയറൂ. സുരക്ഷ ക്രമീകരണങ്ങള്‍ ഇന്ന് ഡിജിപിയുമായിചര്‍ച്ച ചെയ്യുന്ന ദേവസ്വം ബോര്‍ഡ് വിധിയുടെ തുടര്‍നടപടികള്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.