മട്ടന്നൂര്‍: കണ്ണൂരുകാരടെ സ്വപ്ന സാക്ഷാത്കാരമാണ് കഴിഞ്ഞ ആഴ്ചയില്‍ പൂര്‍ത്തിയായത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് കണ്ണൂരില്‍ വിമാനത്തിന് ചിറകു വിരിഞ്ഞു. പ്രദേശവാസികള്‍ക്കും മറ്റും പുതിയ വിമാനത്താവളം കാണാനായി രണ്ട് ദിവസത്തേയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് തന്നെ വന്‍ ജനതിരക്കാണ് ഇവിടെ ഉണ്ടായത്.
അതിനിടയില്‍ വിമാനത്താവളത്തില്‍ ഭീതി നിറച്ച് നിര്‍ത്തിട്ട കാറിന് തീപിടിച്ചു. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട 15 വര്‍ഷത്തോളം പഴക്കമുള്ള കാറിനാണ് തീപിടിച്ചത്. ബോണറ്റിലെ ഷോര്‍ട്സര്‍ക്യൂട്ടാണ് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു 12.30ന് ആണ് സംഭവം. മറ്റു വാഹനങ്ങളിലും റോഡിലും പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങ്ങിനു പുറത്തും കൂടിനിന്നവര്‍ സംഭവസ്ഥലത്തു തടിച്ചുകൂടി. പൂന്തോട്ടം നനയ്ക്കുന്ന സ്ത്രീകളാണ് കാറില്‍ നിന്നു പുക ഉയരുന്നത് ആദ്യം കണ്ടത്.
നഗരത്തിലെ ഗതാഗതത്തിരക്കില്‍ കുരുങ്ങിയ അഗ്നിശമന സേന സംഭവസ്ഥലത്തേക്ക് എത്തുന്നതിനു മുന്‍പ് വിമാനത്താവളത്തില്‍ പൂന്തോട്ടം നനയ്ക്കുന്ന ടാങ്കര്‍ എത്തിച്ചു തീ അണക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. മട്ടന്നൂര്‍ അഗ്നിരക്ഷാനിലയം അസി. സ്റ്റേഷന് ഓഫിസര്‍ കെ.പുരുഷോത്തമന്റെ നേതൃത്വത്തിലാണ് തീയണച്ചത്. തീപിടിച്ച കാറിന്റെ സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ മാറ്റി. ഇതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവസമയത്ത് വിമാനത്താവളത്തിനകത്തു പാര്‍ക്കിങ്ങിലും റോഡ് അരികിലുമായി രണ്ടായിരത്തോളം വാഹനങ്ങളും പതിനായിരത്തില്‍ പരം ജനങ്ങളും തടിച്ചു കൂടിയിരുന്നു. വളരെ അടുത്തടുത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്.
എന്നാല്‍ ഇവയൊന്നും വകവെയ്ക്കാതെ ജനം ഇരച്ചു കയറി. ഇടയ്ക്കിടെ ടെര്‍മിനല്‍ കെട്ടിടത്തിനുള്ളില്‍ തെളിയുന്ന വെളിച്ചത്തില്‍ സെല്‍ഫി എടുത്തും ഗ്രൂപ്പ് ഫോട്ടോയെടുത്തും ആളുകള്‍ വിമാനത്താവളത്തിന്റെ മനോഹാരിത ആസ്വദിച്ചു. സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടയ്ക്ക് പ്രവേശനകവാടം കുറച്ച് നേരത്തേക്ക് അടച്ചിട്ടു. ടെര്‍മിനല്‍ ബില്ഡിങ്ങിനകത്തേക്കും പരിധിയിലധികം ആളുകള്‍ക്ക് പ്രവേശനം ഉണ്ടായില്ല.