കോട്ടയം: കടുത്തുരുത്തിക്ക് സമീപം മുണ്ടാറിലെ വെള്ളപ്പൊക്കക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വള്ളം മുങ്ങി രണ്ടു പേരെ കാണാതായതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകന്‍ സജി (48)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ മാതൃഭൂമി ന്യൂസ് ചാനലിലെ ഡ്രൈവര്‍ ബിബിനായി തിരച്ചില്‍ തുടരുകയാണ്. നാവികസേനയുടെ പ്രത്യകസംഘമുള്പ്പെടെ തെരച്ചിലിന് രംഗത്തെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചാനല്‍ സംഘം റിപ്പോര്‍ട്ട് തയാറാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിനുശേഷം രണ്ടു കിലോമീറ്റര്‍ അകലെ എഴുമാന്തുരുത്ത് കൊല്ലംകരി ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് തിരികെവരുന്പോള്‍ വള്ളം തലകീഴായി മറിയുകയായിരുന്നു.
മാതൃഭൂമി ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടര്‍ തൃശൂര്‍ കുടപ്പുഴമന ശ്രീധരന് നമ്പൂതിരി (29), കാമറാമാന് കോട്ടയം ചിറക്കടവ് അടിച്ചുമാക്കല്‍ അഭിലാഷ് നായര്‍ (29), വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനായ അനീഷ്ഭവനില്‍ അഭിലാഷ് (40) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവരെ പിന്നീടു മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.