കോട്ടയം: വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായ രണ്ടു പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അഗ്നിരക്ഷസേനക്ക് പുറമെ നാവികസേനയും തിരച്ചില്‍ പങ്കാളിയാകും. കാണാതായവര്‍ക്കു വേണ്ടി സ്കൂബ ടീമും ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ തിങ്കളാഴ്ച ആറു മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് തിങ്കളാഴ്ച രാത്രി തിരച്ചില്‍ നിര്‍ത്തിവെച്ചു. മാതൃഭൂമി ന്യൂസ് കടുത്തുരുത്തി സ്ട്രിങ്ങര്‍ മാന്നാര്‍ പാട്ടശ്ശേരില്‍ സജി മെഗാസ് (47),ഡ്രൈവര്‍ തിരുവല്ല സ്വദേശി ബിബിന്‍ (26) എന്നിവരെയാണ് കാണാതായത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം അപകടത്തില്‍പ്പെട്ടത്. മുണ്ടാര്‍ പാറമേല്‍ കോളനിക്ക് സമീപം കരിയാറിലെ മനയ്ക്കച്ചിറ ഒമ്പതാം നമ്പറിലാണ് വള്ളം മറിഞ്ഞത്. കാണാതയവര്‍ക്ക് വേണ്ടി രാത്രിവരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വള്ളത്തിലുണ്ടായിരുന്ന മറ്റു നാലുപേരെ നാട്ടുകാര്‍ രക്ഷപ്പൈടുത്തിയിരുന്നു.
റിപ്പോര്‍ട്ട് തയ്യാറാക്കാനായി ദൃശ്യങ്ങള്‍ പകര്‍ത്തി രണ്ടു കിലോമീറ്റര്‍ അകലെയുള്ള എഴുമാന്തുരുത്ത് കൊല്ലംകരി ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് തിരികെവരുമ്ബോഴാണ് വള്ളം തലകീഴായി മറിഞ്ഞത്.