ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ നാളെ രാവിലെ ആറിന് തുറക്കാന്‍ തീരുമാനിച്ചു. അഞ്ച് ഷട്ടറുകള്‍ ഉള്ള അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി 50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.
ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഇന്നു വൈകിട്ട് തുറക്കാന്‍ തീരുമാനിച്ചിരുന്ന ഷട്ടര്‍, അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം, ലക്ഷദ്വീപിനു സമീപം ചുഴലിക്കാറ്റായി മാറാവുന്ന ന്യൂനമര്‍ദം രൂപം കൊണ്ടു. നാളെ ഉച്ചയ്ക്കുശേഷം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറേക്കു നീങ്ങും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കടലിലുള്ളവര്‍ ഇന്നുതന്നെ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ്.
സംസ്ഥാനത്ത് കനത്ത മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ‘ലൈവ് അപ്ഡേറ്റ്സി’ല്‍ വായിക്കാം.