തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് പെന്ഷന് നല്‍കുന്നതിനായി കെഎസ്ആര്‍ടിസി പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നും വീണ്ടും വായ്പ എടുക്കുന്നു. 2018 ജൂലൈ വരെയുള്ള പെന്ഷന് നല്‍കുന്നതിനാണ് വീണ്ടും വായ്പ എടുക്കാനായി കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്.
കോട്ടയം, മലപ്പുറം ജില്ലകളിലെ 50 പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നായി 59 കോടി രൂപയാണ് ഇപ്പോള്‍ വാങ്ങുന്നത്. 50 ബാങ്കുകള്‍ക്ക് നിശ്ചയിച്ച തുക നല്‍കുന്നതിന് അനുമതി നല്‍കിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കി.
വായ്പ നല്‍കുന്നതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധിയും സര്‍ക്കാര്‍ നീട്ടി. ഓരോ തവണ പെന്ഷന് നല്‍കേണ്ടി വരുമ്പോഴും കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി സന്നദ്ധതയുള്ള ബാങ്കുകളെ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. സഹകരണ ബാങ്കുകള്‍ നല്കുന്ന വായ്പയ്ക്ക് പത്ത് ശതമാനം പലിശ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.
ഓരോ ജില്ലയിലേയും പെന്‍ഷന്‍കാരുടെ പട്ടിക കെഎസ്ആര്‍ടിസി തയ്യാറാക്കി സഹകരണസംഘം രജിസ്ട്രാര്‍മാരെ ഏല്‍പ്പിക്കണം. ഇത് അനുസരിച്ചുള്ള തുക സംസ്ഥാന സഹകരണ ബാങ്ക് കൈമാറും. പെന്ഷന് വിതരണം കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നുണ്ടോയെന്ന് സംസ്ഥാന സഹകരണ ബാങ്ക് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.