മലപ്പുറം: മകന്റെ വിവാഹത്തോടൊപ്പം നിര്‍ധനരായ 15 പെണ്‍കുട്ടികളുടെ വിവാഹം നടത്തി മുസ്ലിം ലീഗ് നേതാവ്. വ്യവസായിയും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സിപി ബാവഹാജിയാണ് വിവാഹാഘോഷത്തിന് മാനവിക മുഖം നല്‍കിയത്. ബാവ ഹാജിയുടെ വീട്ടിലെ വിവാഹ മാതൃകയ്ക്ക് നിറഞ്ഞ കൈയടിയാണ്.
മകന് തുഫൈല്‍ മുഹമ്മദിന്റെ വിവാഹത്തോടൊപ്പമാണ് ഞായറാഴ്ച 15 നിര്‍ധന യുവതികള്‍ക്കും പുതിയ ജീവിതത്തിലേക്കുള്ള കവാടം ബാവഹാജി തുറന്ന് നല്‍കിയത്. ബാവ ഹാജി ചെയര്‍മാനായിട്ടുള്ള മലബാര്‍ ട്രസ്റ്റാണ് വിവാഹത്തിന് നേതൃത്വം നല്‍കിയത്. നിര്‍ധനരായ പെണ്‍കുട്ടികളുടെ സമൂഹ വിവാഹം വിവിധ സാംസ്കാരങ്ങളുടേയും, ആചാരങ്ങളുടേയും സംഗമ വേദി കൂടിയായി മാറി.
കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ജാര്‍ഖണ്ഡ്, ചത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍ധന കുടുംബങ്ങളില്‍ നിന്ന് ജാതി, മത ഭേദമന്യേയാണ് പെണ്‍കുട്ടികളെ തെരഞ്ഞെടുത്തത്.
ചേകനൂര്‍ മലബാര്‍ ഡെന്റല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങുകള്‍ അതാത് മതാചാര പ്രകാരമാണ് നടന്നത്. മുസ്ലിം കുട്ടികളുടെ വിവാഹത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, ഹിന്ദു പെണ് കുട്ടികളുടെ വിവാഹത്തിന് ശബരിമല മുന്‍ മേല്‍ശാന്തി തെക്കിനിയേടത്ത് കൃഷ്ണന് നമ്പൂതിരിയും കാര്‍മ്മികത്വം വഹിച്ചു. മന്ത്രി കെടി ജലീല്‍, അഡ്വ എന്‍ ഷംസുദീന്‍, ഇടി മുഹമ്മദ് ബഷീര്‍ എംപി, കെഇ ഇസ്മായില്‍, അഡ്വ വിടി ബല്‍റാം എംഎല്‍എ, പികെ അബ്ദുറബ്ബ് എംഎല്‍എ, അബ്ദുറഹിമാന് രണ്ടത്താണി, അഡ്വ എംബി ഫൈസല്‍ സംബന്ധിച്ചു.