ഇടുക്കി: കൊട്ടക്കൊമ്പൂരില്‍ അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മ്മിക്കുന്ന വീടിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തറക്കല്ലിട്ടു. ഇന്ന് രാവിലെ ഇടുക്കിയിലെത്തിയ കോടിയേരി വട്ടവടയിലെത്തി അഭിമന്യുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു.
തന്റെ മകനെ നഷ്ടപ്പെട്ട വേദനയില്‍ സങ്കടം നിയന്ത്രിക്കാനാകാതെ അഭിമന്യുവിന്റെ മാതാപിതാക്കള്‍ കോടിയേരിക്കുമുന്നില് പൊട്ടിക്കരഞ്ഞു. ഒരു നാടുമുഴുവന്‍ ഈ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് മാതാപിതാക്കളെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അഭിമന്യുവിന്റെ ചിത്രങ്ങളടക്കമുള്ള ആല്‍ബവും കുടുംബം നേതാക്കളെ കാണിച്ചു.
കൊട്ടക്കൊമ്പൂരിലേക്കുള്ള റോഡിനുസമീപം വിലയ്ക്ക് വാങ്ങിയ 10 സെന്റ് സ്ഥലത്ത് നിര്‍മ്മിക്കുന്ന വീടിനാണ് കോടിയേരി ഇന്ന് തറക്കല്ലിട്ടത്. വീട് മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച തുകയും മറ്റ് സംഭാവനകളും കൊണ്ടാണ് വീട് നിര്‍മിക്കുന്നത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്, മന്ത്രി എംഎം മണി, ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന് എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.