തിരുവനന്തപുരം: നവകേരളത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്ന് ഗാനഗന്ധര്വന് യേശുദാസും ആസ്റ്റര്‍ മെഡിസിറ്റി ചെയര്മാന് ആസാദ് മൂപ്പനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെജെ യേശുദാസ് പത്ത് ലക്ഷം രൂപ കൈമാറി.
ഭാര്യ പ്രഭയ്ക്കൊപ്പം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് യേശുദാസ് ധനസഹായം കൈമാറിയത്. പത്ത് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഏറ്റുവാങ്ങി.
വിജയ് യേശുദാസിന്റെയും ജി വേണുഗോപാലിന്റെയും നേതൃത്വത്തില്‍ ഗാനമേള സംഘടിപ്പിച്ച് ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും യേശുദാസ് അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് ആസ്റ്റര്‍ മെഡിസിറ്റി ചെയര്മാന് ആസാദ് മൂപ്പന് രണ്ടു കോടി രൂപ നല്കി. നേരത്തെ നല്കിയ 50 ലക്ഷം രൂപയ്ക്ക് പുറമെയാണിത്. ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്.