കണ്ണൂര്‍: ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ച വിദ്യാര്‍ഥിക്കും പിതാവിനുമെതിരേ കേസ്. ചക്കരക്കല്‍ മൗവഞ്ചേരി സ്വദേശി ചന്ദ്രനും മകനും എതിരേയാണു കേസ്. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മാച്ചേരി കണ്ടന്പേത്ത് സാവിത്രി (62) യാണ് മരിച്ചത്.
അസുഖബാധിതയായ അമ്മയെ കാണാനായി പോകുന്നതിനിടെ സാവിത്രിയെ പള്ളിപ്പൊയില്‍ മഹാത്മാ മന്ദിരത്തിന് സമീപം ബൈക്കിടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്കിയാല് രക്ഷിതാക്കള്‍ക്കെതിരേ കേസെടുക്കാനുള്ള വകുപ്പുപയോഗിച്ചാണ് കുട്ടിയുടെ പിതാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൈസന്‍സില്ലാതെ വാഹനം ഉപയോഗിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കില്ല. കോടതി വിധിക്കുന്ന നഷ്ടപരിഹാരത്തുക രക്ഷിതാക്കളില്‍നിന്ന് ഈടാക്കുകയും ചെയ്യും.
സമാനമായ സംഭവത്തില്‍ ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് ഓടിച്ചയാളും അപകടത്തില്‍പ്പെട്ടയാളും മരിച്ച സംഭവത്തില്‍ 30 ലക്ഷത്തിലധികം രൂപ കോടതി നഷ്ടപരിഹാരം വിധിച്ചിരുന്നു. ഈ തുക ബൈക്ക് ഓടിച്ചയാളുടെ രക്ഷിതാക്കളുടെ സ്വത്തു വിറ്റ് ഈടാക്കാനും കോടതി ഉത്തരവിട്ടിരുന്നു.