ഇരിങ്ങാലക്കുട: മനുഷ്യത്വപരമായ നിലപാടുകളെടുത്ത് വീണ്ടും തിളങ്ങി ആനവണ്ടി. പുലര്‍ച്ചെ വിജനമായ വഴിയില്‍ ഇറങ്ങിയ ഇരിങ്ങാലക്കുട സ്വദേശി വീട്ടമ്മയ്ക്ക് തുണയായി നിന്നാണ് കെഎസ്ആര്‍ടിസി തിളങ്ങിയത്. ഇതിനു മുന്‍പും അത്താണി കൊച്ചി റൂട്ടില്‍ അര്‍ധരാത്രി വഴിയോരത്ത് ഇറങ്ങിയ പെണ്‍കുട്ടിയ്ക്ക് തുണയായി നിന്നത് ഏറെ കൈയ്യടി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ സഹായം ജീവനക്കാര്‍ കാഴ്ചവെച്ചത്.
പുലര്‍ച്ചെ വിജനമായ സ്റ്റോപ്പില്‍ ബസിറങ്ങിയ വീട്ടമ്മയ്ക്കു ഭര്‍ത്താവ് എത്തുന്നതു വരെ കൂട്ടായി നില്‍ക്കുകയായിരുന്നു കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇരിങ്ങാലക്കുട സ്വദേശിയും കുടുംബശ്രീ ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജരുമായ റെജി തോമസിനാണു ബസ് ജീവനക്കാര്‍ തുണയായത്. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നു മൈസൂരുവിലേക്കു പോകുന്ന ബസില്‍ ഇരിങ്ങാലക്കുടയ്ക്കു പുറപ്പെട്ട റെജി ഇന്നലെ പുലര്‍ച്ചെ ഒന്നേമുക്കാലോടെ ചാലക്കുടി പനമ്പിള്ളി കോളേജ് സ്റ്റോപ്പില്‍ ഇറങ്ങി.
എന്നാല്‍ റെജിയെ കൊണ്ടുപോകാന്‍ ഭര്‍ത്താവ് സ്റ്റോപ്പില്‍ എത്തിയിരുന്നില്ല. വിജനമായ സ്റ്റോപ്പില്‍ ആ സമയത്തു യുവതിയായ വീട്ടമ്മയെ ഒറ്റയ്ക്കു നിര്‍ത്തുന്നതു സുരക്ഷിതമല്ലെന്നു തോന്നിയ ബസ് ഡ്രൈവറും കണ്ടക്ടറും ഭര്‍ത്താവ് വരുന്നതു വരെ ബസ് നിര്‍ത്തി കാത്തുനിന്നു. യാത്രക്കാരും ജീവനക്കാരുടെ നടപടിയെ പിന്തുണച്ചു. പിന്നീടു പത്തു മിനിറ്റ് കഴിഞ്ഞു ഭര്‍ത്താവെത്തി റെജിയെ സുരക്ഷിതമായി ഏല്‍പ്പിച്ചാണു ബസ് ജീവനക്കാര്‍ യാത്ര തുടര്‍ന്നത്. ബസ് ജീവനക്കാരുടെ പേരുകള്‍ പ്രകാശ്, ഹനീഷ് എന്നാണെന്നു മാത്രമേ റെജിക്ക് അറിയൂ. ഇരുവരും ജീവനക്കാര്‍ക്ക് മനസുനിറഞ്ഞ നന്ദി പറഞ്ഞ് മടങ്ങി. വീട്ടമ്മ സുരക്ഷിതയെന്നു കണ്ടതോടെ ബസും മെല്ലെ നീങ്ങി.