കൊച്ചി: കണക്കന്‍കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ തകര്‍ന്ന ഷട്ടര്‍ നന്നാക്കാനുള്ള നടപടി വൈകുന്നു. ഈ മേഖലയിലാകെ വെള്ളം കിട്ടുന്നത് റെഗുലേറ്റര്‍ ഉള്ളതുകൊണ്ടായിരുന്നു. എന്നാല്‍ ഇത് തകര്‍ന്നതോടെ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
പെരുമഴയെത്തുടര്‍ന്ന് ഷോളയാര്‍ അണക്കെട്ട് തുറന്നപ്പോഴുള്ള വെള്ളപ്പാച്ചിലിലാണ് ഒരു ഷട്ടര്‍ തകര്‍ന്നത്. ഷട്ടര്‍ തകര്‍ന്നതോടെ പുഴയിലൂടെ ഒഴുകി വരുന്ന വെള്ളം ഇവിടെ തങ്ങി നില്‍ക്കാതെ ഒഴുകിപ്പോവുകയാണ്. അത് ജലക്ഷാമത്തിന് കാരണമായിട്ടുണ്ട്. അതിനിടെ നീറ്റാ ജലാറ്റിന്‍ കമ്പനിക്കാര് പുഴയില്‍ തോടു കീറി വെള്ളമെടുത്തുകൊണ്ടുപോകാന് നോക്കുകയാണെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. അതുകൂടിയാകുമ്പോള്‍ ഈ പ്രദേശത്താകെ ജല ലഭ്യത വലിയ പ്രശ്നമാകും.
റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ഷട്ടര്‍ തകര്‍ന്നത് എത്രയും പെട്ടെന്നു നന്നാക്കണമെന്ന് കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ജെയ്സണ്‍ പാനികുളങ്ങരയും സെക്രട്ടറി അനില്‍ കാതിക്കുടവും ആവശ്യപ്പെട്ടു. കാടുകുറ്റി, അന്നമനട, പാറക്കടവ്, കുഴൂര്‍ പഞ്ചായത്തുകളില്‍ ഇപ്പോള്‍ത്തന്നെ കുടിവെള്ളമില്ലാത്ത അവസ്ഥയാണ്. ഇതിനിടയിലാണ് കാതിക്കുടത്തെ നീറ്റാ ജലാറ്റിന്‍, സര്‍ക്കാര്‍ ഒത്താശയോടെ പുഴയില്‍ ബണ്ടുകെട്ടി വെള്ളം എടുക്കാന്‍ ശ്രമിക്കുന്നത്. ഇതു താഴെയുള്ള പ്രദേശത്തെ കിണറുകള്‍ വറ്റി വരളാന്‍ ഇടയാക്കും.