കോഴിക്കോട്: തീവണ്ടികള്‍ക്കു നേരെ രാത്രികാലങ്ങളിലുള്ള സമൂഹ വിരുദ്ധരുടെ ആക്രമം വര്‍ധിക്കുന്നു. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിലേക്ക് കല്ലെറിയുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. ബുധനാഴ്ച രാത്രി ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന എക്സിക്യുട്ടീവ് എക്സ്പ്രസിനുനേരെ എലത്തൂരിനും ചേമഞ്ചേരിക്കുമിടയിലാണ് കല്ലെറിഞ്ഞത്. സംഭവത്തില്‍ തലശ്ശേരി സ്വദേശി രാജേഷിന് കൈയ്ക്ക് പരിക്കേറ്റു.
ഇതിനു മുമ്പും തീവണ്ടികള്‍ക്കു നേരെ സമാനമായ സംഭവമുണ്ടായിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പ് നേത്രാവതി എക്സ്പ്രസിനുനേരെ കൊയിലാണ്ടിയില്‍ കല്ലേറുണ്ടായിരുന്നു. പിന്നീട് കുര്‍ളാ എക്സ്പ്രസിനുനേരെയുണ്ടായ കല്ലേറില്‍ അസി ലോക്കോ പൈലറ്റ് വര്‍ക്കല ശോഭനാമന്ദിരത്തില് ജി പ്രമോദിന് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് കൊയിലാണ്ടി പോലീസും റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല.
പോലീസിന് എത്തിപ്പെടാന്‍ പറ്റാത്തതും ഒറ്റപ്പെട്ടതുമായ റെയില്‍വേ പാതയോരങ്ങളില്‍ മദ്യ-മയക്കുമരുന്ന് കച്ചവടം തകൃതിയായി നടക്കുന്നുണ്ട്. ഇതിന് ആവശ്യക്കാര്‍ നിരവധി പേരാണ് ഈ പ്രദേശത്ത്. ഇത്തരത്തിലുള്ള സമൂഹ വിരുദ്ധരാവാം കല്ലെറിയലിനു പിന്നില്‍