ന്യൂഡല്‍ഹി: പ്രളക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനഃസൃഷ്ടിക്കുന്നതില്‍ ഓടുവില്‍ വിദേശ സഹായം സ്വീകരിക്കാമെന്ന് കേന്ദ്രം. വിദേശകാര്യ മന്ത്രാലയമാണ് സാങ്കേതിക സഹായത്തിന് അനുമതി നല്‍കിയത്. ന്യൂയോര്‍ക്കിലുള്ള സുഷമ സ്വരാജ് അടിയന്തരമായാണ് അനുമതി നല്‍കിയത്.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി രണ്ട് നിര്‍ദ്ദേശങ്ങളാണ് നെതര്‍ലന്റ്സ് മുന്നോട്ട് വെച്ചിരുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധരടങ്ങിയ ഒരു സംഘത്തെ കേരളത്തിലേക്ക് അയക്കാം. നദികളില്‍ മറ്റും കൂടുതല്‍ ജലമൊഴുക്കാനുള്ള സാങ്കേതിക വിദ്യ കേരളത്തിന് കൈമാറാം. ഈ രണ്ട് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
സാങ്കേതിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്ത് ഇന്ത്യ നെതര്‍ലന്റ്സിന് അയക്കും. അവിടുത്തെ ഇന്ത്യന്‍ അംബാസിഡറായ വേണു രാജാമണി ഈ കത്ത് കൈമാറും. തുടര്‍ന്ന് വിദേശസംഘം കേരളത്തിലെത്തി ആവശ്യമായ സാങ്കേതിക സഹായം നല്‍കുമെന്നാണ് സൂചന. വീണു പോയ കേരളത്തെ കേന്ദ്രം കുത്തി നോവിക്കുകയാണെന്ന് പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തിന് വന്ന നഷ്ടത്തിന്റെ ഒരു ഭാഗം പോലും സഹായം കേന്ദ്രം നല്‍കിയിരുന്നില്ല എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതോടൊപ്പം കേരളത്തിനെ സഹായിക്കാനെത്തുന്നവരെ മുടക്കം ചെയ്യുന്ന നിലപാടുമായിരുന്നു കേന്ദ്രം കൈകൊണ്ടത്. ഈ സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ കടുത്തിരുന്നു. ഇപ്പോള്‍ നെതര്‍ലാന്‍ഡിന്റെ സഹായം സ്വീകരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.