തിരുവനന്തപുരം; വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ നില ഗുരുതരമായി തുടരുന്നു. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നാണ് അശുപത്രി വൃത്തങ്ങള്‍. കണ്ണീരും, പ്രാര്‍ത്ഥനകളുമായി ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്. ഭാര്യ ലക്ഷ്മിയുടെ നിലയില്‍ പുരോഗതിയുണ്ട്. മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനി ബാലയുടെ മൃതദേഹം എംബാം ചെയ്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. വെന്റിലേറ്റര്‍ മാറ്റിയപ്പോള്‍ ബാലഭാസ്കറിനോടു സംസാരിച്ചതായും ഇമവെട്ടിയതായുമാണ് സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നത്. ഇത് ആരോഗ്യനിലയിലെ നേരിയ പുരോഗതിയാണെന്നാണു വിലയിരുത്തല്‍. എന്നാലിതിന് ഔദ്യോഗികസ്ഥിരീകരണം വന്നിട്ടില്ല.
ബാലഭാസ്കറിന്റെ സുഷുമ്നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്്. കഴുത്തിലെ കശേരുക്കള്‍ക്കു ക്ഷതമുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ ശേഷമെ ഉണ്ടാകൂ. ശസ്ത്രക്രിയ നടത്താനുള്ള ആരോഗ്യനില ഇപ്പോഴില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
ലക്ഷ്മിക്കു ബോധം തെളിഞ്ഞുവെങ്കിലും മകള്‍ തേജസ്വിനിബാലയുടെ മരണവിവരം അറിയിച്ചിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു പള്ളിപ്പുറത്തുവെച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. മരത്തിലിടിക്കുകയായിരുന്നു. മകള്‍ തേജസ്വിനിബാലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തൃശ്ശൂരില്‍ നിന്നു ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്നു ബാലഭാസ്കറും കുടുംബവും. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് അറിയിച്ചു.