വയനാട്; വയനാട് ചുരം വഴിയുള്ള യാത്ര പൂര്‍ണമായി നിരോധിച്ചു. ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയില്‍ ആയതിനാലാണ് പൂര്‍ണ യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. കോഴിക്കോട് ജില്ലാ കളക്ടര്‍ ആണ് ഉത്തരവിറക്കിയത്. ലൈറ്റ് വെയ്റ്റ് വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.
ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് നേരത്തെ ഗതാഗതം നിയന്ത്രിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളോടെ വാഹനം കടത്തി വിടുന്നതും അപകടകരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചിപ്പിലിതോട് വഴിയുള്ള ഗതാഗതം പൂര്‍ണമായും വിലക്കിയത്. കെഎസ്ആര്‍ടിസി കോഴിക്കോട് നിന്നും വയനാട്ടില്‍ നിന്നും ചിപ്പിലിതോട് വരെ സര്‍വീസ് നടത്തും. എന്നാല്‍ മണ്ണിടിഞ്ഞ പ്രദേശത്ത് ഒരു വാഹനവും അനുവദിക്കില്ല.
കോഴിക്കോട് നിന്നുള്ള വാഹനങ്ങള്‍ അടിവാരത്ത് സര്‍വീസ് അവസാനിപ്പിക്കണം. സ്വകാര്യ ബസുകള്‍ വയനാട് ചുരം റൂട്ടില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് നടത്താന്‍ പാടില്ലെന്നും കളക്ടര്‍ യുവി ജോസിന്റെ ഉത്തരവ് വിശദീകരിക്കുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വലിയ ചരക്ക് വാഹനങ്ങളടക്കമുള്ളവ കുറ്റ്യാടി വഴി തിരിച്ചു വിട്ടിരുന്നു.