കോഴിക്കോട്: സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടി വന്ന സാഹിത്യകാരന് എസ് ഹരീഷിന് പിന്തുണയുമായി സമകാലിക മലയാളം വാരിക. നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയാറാണെന്നറിയിച്ച് സമകാലിക മലയാളം വാരിക അധികൃതര്‍ രംഗത്തെത്തി.
ആവിഷ്കാരസ്വാതന്ത്ര്യത്തെ ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. എഴുത്തുകാരനു നേരെ ഉയരുന്ന ഭീഷണിയില്‍ ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസ്സുകളാണ്. ഇപ്പോള്‍ മുട്ടുമടക്കിയാല്‍ നാളെ നമ്മള് മുട്ടിലിഴയേണ്ടിവരുമെന്നും സമകാലിക മലയാളം പത്രാധിപര്‍ അഭിപ്രായപ്പെട്ടു.
ഹരീഷ് എഴുതിയ ‘മീശ’യെന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നോവല്‍ ആരംഭിച്ച് മൂന്നാം ലക്കമായപ്പോഴാണ് ഇത് പിന്‍വലിച്ചത്. ഹരീഷിന്റെ നോവലിനെതിരെ സൈബര്‍ ആക്രമണമുണ്ടായതോടെയാണ് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചത്.
നോവലിന്റെ മൂന്നാം ലക്കത്തില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമാണ് സാമുദായിക സംഘടനകള്‍ പ്രതിഷേധമുയര്‍ത്താന്‍ കാരണമായത്. ഇതില്‍ പറഞ്ഞിരുന്ന സംഭാഷണം ക്ഷേത്ര വിശ്വാസങ്ങള്‍ക്ക് എതിരാണെന്നായിരുന്നു ഇവരുടെ ആരോപണം. മീശയെന്ന നോവലില്‍ കേരളത്തിലെ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് സാമുദായിക സംഘടനകളെ ചൊടിപ്പിച്ചതിന് പിന്നാലെ ഹരീഷിനും കുടുംബത്തിനും നേരെ ഭീഷണി കടുത്ത് വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് നോവല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ് ഹരീഷ്. ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ചെങ്കിലും നോവല്‍ പുസ്തക രൂപത്തിലാക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയാറാണെന്നറിയിച്ച് സമകാലിക മലയാളം വാരിക അധികൃതര്‍ രംഗത്തെത്തിയത്.
ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമാണ് പ്രതിഷേധക്കാര്‍ അസഭ്യവര്‍ഷം നടത്തിയത്. അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ ഹരീഷിനെതിരെ ആഞ്ഞടിച്ചത്. നോവല്‍ പ്രസിദ്ധീകരണമാരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. നോവല്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയാല്‍ പ്രതിഷേധം വീണ്ടും ഉണ്ടാകുമോ എന്നും സംശയമുയരുന്നുണ്ട്.