കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയിലെ ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ജമാഅത്തെ ഇസ്ലാമി. വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുമെന്ന് ഇവര്‍ അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലവും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിക്കാനെത്തിയ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇക്കാര്യം അറിയിച്ചത്.
ഉരുള്‍പൊട്ടലടക്കമുള്ള പ്രകൃതിക്ഷോഭങ്ങളില്‍ വീടും സ്ഥലവും നഷ്ടമായവരുടെ പുനരധിവാസം എവിടെയുമെത്താത്ത സാഹചര്യമാണ് നിലവിലുള്ളത്. സ്ഥലമില്ല എന്ന പേരില്‍ വീട് ഇവര്‍ക്ക് അന്യമാകും. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കരിഞ്ചോലയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി നല്കാന് ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചത്.
ഇവര്‍ക്ക് വീട് വെച്ച് നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. കരിഞ്ചോലയില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവരെയും നേതാക്കള്‍ സന്ദര്‍ശിച്ചു.