തിരുവനന്തപുരം: ഒഡിഷയില്‍ കനത്ത മഴയ്ക്ക് കാരണമായ ‘ദായേ’ ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കുന്നു. കേരളത്തിനെ ബാധിക്കുന്നില്ലെങ്കിലും, മാറി വരുന്ന സാഹചര്യങ്ങളില്‍ കനത്ത മഴയുണ്ടാകാമെന്നാണ് വിലയിരുത്തല്‍.
25-ന് കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. 25-ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 24 മണിക്കൂറിനിടെ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴ പെയ്യുമെന്നാണ് പ്രവചനം. കാലാവസ്ഥാ സാഹചര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നാണ് യെല്ലോ അലര്‍ട്ട് അര്‍ഥമാക്കുന്നത്.
മുന്നറിയിപ്പുകളില്‍ രണ്ടാമത്തേതാണിത്. ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങനെയാണ് മുന്നറിയിപ്പുകളുടെ ശ്രേണി. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ-പടിഞ്ഞാറ് രൂപംകൊണ്ട ന്യൂനമര്‍ദം വ്യാഴാഴ്ച രാത്രിയാണ് ശക്തമായ ചുഴലിക്കാറ്റായി ഒഡിഷയിലെ ഗോപാല്‍പുരില്‍ കരയിലേക്ക് കടന്നത്. ഒഡിഷയില്‍ അതിശക്തമായ മഴയാണ് പെയ്തത്. തിങ്കളാഴ്ചയോടെ ഇത് കിഴക്കന്‍ രാജസ്ഥാനും കടന്ന് ദുര്‍ബലമാവും.
ഇതിന്റെ സ്വാധീനം കേരളത്തിലുണ്ടാവില്ല. എന്നാല്‍, കര്ണാടകംമുതല് കന്യാകുമാരിവരെ ന്യൂനമര്‍ദപാത്തി രൂപംകൊള്ളാന്‍ സാധ്യതയുണ്ട്. ശ്രീലങ്കയില്‍നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപംകൊള്ളും. ഇത് കേരളത്തില്‍ കൂടുതല്‍ മഴപെയ്യാന്‍ അനുകൂലമാണ്. ഇതാണ് 25-ന് കേരളത്തില്‍ ശക്തമായ മഴ പ്രവചിക്കാന്‍ അടിസ്ഥാനമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.