കല്പറ്റ: കെഎസ്ആര്‍ടിസി ബസുകളിലെ ഇന്ധനക്ഷാമം യാത്രക്കാരെ കഷ്ടത്തിലാക്കുന്നു. സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണത്തിലെ ആശയക്കുഴപ്പത്തിനൊപ്പം അടിക്കടിയുണ്ടാവുന്ന ഇന്ധനക്ഷാമവും യാത്രാക്ലോശം വര്‍ധിപ്പിക്കുന്നു. ഇന്ധനക്ഷാമം കാരണം കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ പലതും പാതിവഴിയില്‍ കുടുങ്ങുന്നു. ദീര്‍ഘദൂര ബസുകള്‍ സര്‍വീസിനിടെ വിവിധ ഡിപ്പോകളില്‍ കയറി ഡീസല്‍ നിറച്ച ശേഷമാണ് യാത്ര തുടരുന്നത്. ഡിപ്പോകളില്‍നിന്ന് ഡീസല്‍ കിട്ടിയില്ലെങ്കില്‍ ഓട്ടം പാതിവഴിയില്‍ നിലയ്ക്കും.
മുമ്പ് ഫുള്‍ടാങ്ക് ഡീസല്‍ നിറച്ചാല്‍ മിക്ക ബസുകളിലും സര്‍വീസിനിടെ ഒരു തവണമാത്രമാണ് ഡീസല്‍ നിറച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടും മൂന്നും തവണ വിവിധ ഡിപ്പോകളില്‍ കയറി ഡീസല്‍ നിറച്ചതിനുശേഷമാണ് പാലായില്‍ നിന്നും പിറവത്തു നിന്നുമൊക്കെയുള്ള ബസുകള്‍ വയനാട്ടിലും മറ്റുമെത്തുന്നത്. മാനന്തവാടി ഡിപ്പോയില്‍ ഇന്ധനക്ഷാമം കാരണം വ്യാഴാഴ്ചയും സര്‍വീസുകള്‍ മുടങ്ങി. മാനന്തവാടിയില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ വ്യാഴാഴ്ചയും വിവിധ ഡിപ്പോകളില്‍ നിന്നും ഡീസല്‍ നിറച്ചാണ് സര്‍വീസ് പൂര്‍ത്തിയാക്കിയത്.