ന്യൂഡല്‍ഹി: കേരളത്തിലെ ഡാമുകളുടെ സുരക്ഷ വിലയിരുത്താനായി കേന്ദ്ര ജലകമ്മീഷന്റെയും ലോകബാങ്കിന്റെയും വിദഗ്ധസംഘം അടുത്തയാഴ്ച കേരളത്തിലെത്തും. കേരളത്തിലെ ഡാമുകളില്‍ നിന്ന് പുറത്തേക്കൊഴുക്കിയ ജലമല്ല പ്രളയത്തിനിടയാക്കിയതെന്ന റിപ്പോര്‍ട്ട് ജലകമ്മീഷന് തയ്യാറാക്കിയിരുന്നു. റിപ്പോര്‍ട്ട് കേരളത്തിനയച്ചു. ചില സാങ്കേതിക പിഴവുകള്‍ തിരുത്തി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കമ്മീഷന് പുതുക്കി.
പ്രളയ സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള പുതിയ ചട്ടങ്ങളാവും സംഘത്തിന്റെ സന്ദര്‍ശനത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകുക. ഡാമുകളില്‍ പ്രളയസാധ്യത കണക്കിലെടുത്തുള്ള ചട്ടം അഥവാ റൂള്‍ കര്‍വ് ടൂളിന്റെ അഭാവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സൂചന നല്‍കിയിരുന്നു.
ഡാമുകളുടെ സുരക്ഷയ്ക്ക് ഇന്നലെ 3466 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 2626 കോടി ലോകബാങ്കാണ് നല്‍കുന്നത്. ഇതില്‍ കേരളത്തിലെ 28 ഡാമുകള്‍ക്കായി 514 കോടി ചെലവിടുമെന്ന സൂചനയാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. ബുധനാഴ്ച കേരളത്തിലെത്തുന്ന സംഘം വൈദ്യുതി ബോര്‍ഡിലെയും ജലവിഭവ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും