എരമംഗലം: ‘അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം’ പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2600 വിദ്യാര്‍ഥികള്‍ക്ക് സ്റ്റീല്കുപ്പിയും ചോറ്റുപാത്രവും വിതരണം ചെയ്തു. വിദ്യാലയങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍പി സ്കൂളില്‍ നടന്ന ചടങ്ങില്‍ പദ്ധതി പ്രകാരമുള്ള സ്റ്റീല്കുപ്പികളും ചോറ്റുപാത്രങ്ങളും മത്സ്യത്തൊഴിലാളി കുടുംബത്തിലെ 200 വിദ്യാര്‍ഥികള്‍ക്കായുള്ള സൈക്കിള്‍ വിതരണവും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ – വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം വിവിധ മേഖലയില്‍ മാതൃകാ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ മറ്റു ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് വഴികാട്ടിയാവുകയാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തെന്നും, പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുകയാണെന്നും, ചുരുങ്ങിയ കാലയളവില്‍ വലിയ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂള്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് മാതൃകയാവുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.
ചടങ്ങില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായി. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇ സിന്ധു, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് വികെ അനസ്, വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെകെ ബീരാന്‍കുട്ടി, അംഗങ്ങളായ ബബിത നൗഫല്‍, റഹ്മത്ത്, ജില്ലാ ഹരിത കേരള മിഷന് ഓഫീസര്‍ രാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ പിഎച്ച് ഷൈന്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എപി ഉഷാദേവി, വൈസ് പ്രസിഡന്റ് സുബൈദ ബക്കര്‍, അംഗങ്ങളായ ഇവി അബ്ദുട്ടി, ഖദീജ മുത്തേടത്ത്, കെകെ ബാലന്, ജമീല മുഹമ്മദ്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടിഎം സിദ്ദീഖ്, കെപിസിസി സെക്രട്ടറി പിടി അജയ്മോഹന്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്‍കെ സൈനുദ്ദീന്‍, സുരേഷ് കാക്കനാത്ത്, പ്രഥമാധ്യാപിക വിജെ ജെസ്സി, പിടിഎ പ്രസിഡന്റ് എംഎസ് മുസ്തഫ, വികസന സമിതി ചെയര്മാന് ഫാറൂഖ് വെളിയങ്കോട് എന്നിവര്‍ പ്രസംഗിച്ചു.