കോഴിക്കോട്: ഏറെനാളായ് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നേരിടുന്ന മാലിന്യപ്രശ്നത്തിനു പരിഹാരമാകുന്നു. ആശുപത്രി റോഡിലും പരിസരത്തും ഒഴുകിയെത്തുന്ന മലിനജലം ദുര്‍ഗന്ധം പരത്തുന്നത് രോഗികളെയും യാത്രക്കാരെയും മറ്റ് പരിസരവാസികളെയും ബാധിച്ചിരുന്നു. മലിനജലം മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള സീവേജ് ട്രീറ്റ്മെന്റ് സംഭരണ കിണറിലേക്ക് പൈപ്പ് വഴി കൊണ്ടുപോകാനാണ് പുതിയ പദ്ധതി.
മൂന്ന് ലക്ഷം ചെലവുള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനായി എട്ട് ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പ് 190 മീറ്റര്‍ നീളത്തില്‍ സ്ഥാപിക്കുന്നുണ്ട്. ഒമ്പത് മാന്‍ഹോളുകള്‍ നിര്‍മിക്കും. ഇവിടുത്തെ മലിനജലം നെഞ്ചുരോഗാശുപത്രിക്ക് സമീപമുള്ള കുളത്തിലേക്ക് പൈപ്പ് വഴി വിടുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഈ പൈപ്പുകള്‍ എല്ലാം മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമാവുകയും റോഡിലും പരിസരത്തും മലിനജലം ഒഴുകി പടരുകയും ചെയ്തു. ഇത് സമീപവാസികളെ ബുദ്ധിമുട്ടിലാക്കി. ഈ പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. മെഡിക്കല്‍ കോളേജിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള ബൃഹത്തായ പദ്ധതിയും പുരോഗമിക്കുന്നു. 98 ലക്ഷം രൂപയുടെ പദ്ധതി യാഥാര്‍ഥ്യമായാല്‍ വര്‍ഷങ്ങളായുള്ള പ്രശ്നങ്ങള്‍ക്ക് അറുതിയാകും. മലിനജലം സംഭരിക്കാനുള്ള കിണറിന്റെ നിര്‍മാണം നടക്കുകയാണ്.