ശബരിമല: നിലയ്ക്കല്‍- പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി കൂട്ടിയ നിരക്ക് കുറയ്ക്കാനാകില്ലെന്ന് തുറന്നടിച്ച് മന്ത്രി എകെ ശശീന്ദ്രന്. നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. തീര്‍ത്ഥാടന സമയം കണക്കിലെടുത്ത് നിരക്ക് കൂട്ടിയത് തികച്ചും അസാധാരണ നടപടിയാണെന്നാണ് പ്രതികരിച്ചത്. ഇവയെല്ലാം തള്ളിയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. നിരക്ക് കുറയ്ക്കാന്‍ പറയുന്നവര്‍ സംസ്ഥാനത്ത് ഇന്ന് നിലനില്‍ക്കുന്ന ഇന്ധന വില കണക്കിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് അയ്യപ്പ ഭക്തര്‍ മനസിലാക്കുമെന്നും വിശ്വസിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് വാഹനസര്‍വീസ് ഏര്പെടുത്തിയാല് കെഎസ്ആര്‍ടിസി പിന്മാറും. ത്യാഗം സഹിച്ച്കെഎസ്ആര്ടിസി ബസ് ഓടിക്കേണ്ടതില്ലെന്നും ശശീന്ദ്രന് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് പമ്പയില്‍ കെഎസ്ആര്‍ടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്.
ഏകപക്ഷീയമായി നിരക്ക് കൂട്ടിയത് അംഗീകരിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. നിരക്ക് ഉടന്‍ കുറയ്ക്കണം. അല്ലെങ്കില്‍ ബസ് വാടകയ്ക്കെടുത്ത് പകരം സംവിധാനമൊരുക്കും. കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്തേണ്ടത് ഭക്തരെ ഉപയോഗിച്ചല്ലെന്നും പത്മകുമാര്‍ പറഞ്ഞു. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് ഇരട്ടിയിലധികം തുക ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം.