കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വാര്‍ത്ത അവതാരകനുമായ ടിഎം ഹര്ഷന് മീഡിയ വണ്‍ ചാനലില്‍ നിന്ന് രാജിവച്ചു. മീഡിയ വണില്‍ ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആയിരുന്നു ഹര്ഷന്. ഇടതുപക്ഷ സ്വഭാവം ആരോപിക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ് ഹര്ഷന്. അതുകൊണ്ട് തന്നെ സംഘപരിവാര്‍ വിമര്‍ശനവും നേരിടേണ്ടി വന്നിട്ടുണ്ട്.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലും ഹര്ഷന് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എസ്ഡിപിഐയെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ ജമാ അത്തെ ഇസ്ലാമിയുടെ ഭാഗത്ത് നിന്നും, മീഡിയ വണ്ണിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്ന് ആക്ഷേപമുണ്ട്. ഈ സഹാചര്യത്തില്‍ കൂടിയാണ് ഹര്ഷന്റെ രാജി എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫ്ളവേഴ്സ് ചാനലിന്റെ പുതിയ ന്യൂസ് ചാനല്‍ ആയ 24 ന്യൂസിലേക്കാണ് ഹര്ഷന് പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ പദവിയിലായിരിക്കും ഹര്ഷന് ജോയിന്‍ ചെയ്യുക.
ദേശാഭിമാനിയില്‍ നിന്ന് ഏഷ്യാനെറ്റിലൂടെ മാതൃഭൂമിയിലെത്തിയ ഹര്ഷന്, കഴിഞ്ഞ വര്‍ഷമാണ് മീഡിയാ വണ്ണിലേക്ക് ചേക്കേറിയത്. മീഡിയാ വണ്ണിന്റെ പ്രധാന മുഖമായിരുന്നു ഹര്ഷന്. മലയാളത്തിലെ മികച്ച വാര്‍ത്താ അവതാരകരില്‍ ഒരാളുകൂടിയാണ്.