ചെറുതോണി: ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി നിറയാന്‍ ഇനി 18. 64 അടി വെള്ളം മതി. കനത്ത മഴ ഇങ്ങനെ തുടര്‍ന്നാല്‍ വരുന്ന ദിവസത്തിനുള്ളില്‍ പരമാവധി സംഭരണശേഷിയിലെത്തുകയും ഷട്ടറുകള്‍ തുറക്കുകയും ചെയ്യേണ്ടിവരും.
1985 ന് ശേഷം ജൂലൈ മാസത്തില്‍ ഡാമിലെത്തുന്ന ജലത്തിന്റെ അളവ് കണക്കാക്കുമ്പോഴാണിത്. ഇടുക്കി ഡാമിലെ ശനിയാഴ്ചത്തെ ജലനിരപ്പ് 2383.64 അടിയാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 64.66 അടി കൂടുതലാണിത്.
വെള്ളിയാഴ്ച മാത്രം ജലനിരപ്പ് 1.38 അടിയാണ് ഉയര്‍ന്നത്. രണ്ടാംഘട്ട മണ്‍സൂണും തുലാമഴയും അവശേഷിക്കെയാണ് റെക്കോര്‍ഡ് ജലനിരപ്പ്. 20.64 അടി ജലം കൂടി മതി ഡാം നിറയാന്‍. 2403 അടിയാണ് പൂര്‍ണ സംഭരണ ശേഷി.
അതേസമയം, 2401 ല്‍ ജലനിരപ്പ് എത്തിയാല്‍ ഡാം തുറന്നുവിടും. ഇപ്പോഴത്തെ നിലയില്‍ ഇടുക്കി ഡാം തുറക്കാന്‍ 18.64 അടി ജലം കൂടി ഡാമിലെത്തിയാല്‍ മതിയാകും. മഴ ദുര്‍ബലമായിട്ടുണ്ടെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്നതും പോഷക അണക്കെട്ടുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് തുറന്നിട്ടുള്ളതുമാണ് ജലനിരപ്പ് ഉയര്‍ത്തുന്നത്.
ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ചുള്ള വൈദ്യൂതി ഉല്പാദനം പരമാവധി വര്‍ധിപ്പിച്ച് തുറന്നുവിടല്‍ ഒഴിവാക്കുന്നതിന് ശ്രമം തുടരുന്നതിനിടെയാണ് ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്‍ക്കുന്നത്. അതേസമയം, രണ്ട് ദിവസം മുമ്പ് വരെയുള്ള ഒരാഴ്ച തുടര്‍ച്ചയായി മൂന്ന് മുതല്‍ നാല് വരെ അടിയാണ് ജലനിരപ്പ് ഉയര്‍ന്നതെങ്കില്‍ രണ്ട് ദിവസമായി ഇത് പരമാവധി ഒന്നര അടിവരെയായി താണു.
മഴ ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ 15 ാം ദിവസവും മഴ ശക്തമായാല്‍ എട്ട് ദിവസത്തിനുള്ളില്‍ ഡാം തുറന്നു വിടേണ്ടി വരുമെന്നതാണ് സ്ഥിതി. മുമ്പ് രണ്ട് തവണ മാത്രമാണ് ഇടുക്കി ഡാം തുറന്നിട്ടുള്ളത്. അവസാനം തുറന്നുവിട്ടത് 1992 ലാണ്.